ഗര്‍ഭസ്ഥ ശിശു മരിച്ചതറിയാതെ ചികിത്സിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍

ഗര്‍ഭസ്ഥ ശിശു മരിച്ചറിയാതെ ഗര്‍ഭിണിയായ യുവതിയെ മൂന്നു സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് തിരിച്ചയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ കൊല്ലം ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഇന്നലെ തന്നെ കൊല്ലം ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.


പാരിപ്പള്ളി കുളമട സ്വദേശിയായ മിഥുന്റെ ഭാര്യ മീരയെയാണ് പ്രശ്‌നമില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് തിരിച്ചയച്ചത്. പരവൂര്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രി, കൊല്ലം ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രി, തിരുവനന്തപുരം എസ്.എ.ടി ആശുപത്രി എന്നിവിടങ്ങളില്‍ നിന്നാണ് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നത്. ഒടുവില്‍ 8 മാസം ഗര്‍ഭിണിയായ യുവതി കൊല്ലം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവിച്ചത് മരിച്ച് ദിവസങ്ങളായ കുഞ്ഞിനെയായിരുന്നു.
മൃതദേഹത്തിന് അഞ്ചോ ആറോ ദിവസത്തെ പഴക്കമുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുഞ്ഞിന് അണുബാധ ഉണ്ടാകാത്തതിനാലാണ് അമ്മയുടെ ജീവന്‍ തിരിച്ചുകിട്ടിയതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Tags