പാലാ ബിഷപ്പിന്റെ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് അമിത് ഷായ്ക്ക് കത്തയച്ചത്. അപ്രിയ സത്യം തുറന്നു പറഞ്ഞതിനാല്‍ ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് കത്തില്‍ പറയുന്നു. ലൗ ജിഹാദിനെ പോലെ നര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ബിഷപ്പിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് ഇന്ന് രംഗത്തെത്തിയത്. ബിഷപ്പ് നടത്തിയ ചില പരാമര്‍ശങ്ങള്‍ അനുചിതമായിപ്പോയെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ബിഷപ്പ് നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. നാക്കുപിഴകളെ പോലും വര്‍ഗീയധ്രുവീകരണത്തിനായി ഉപയോഗിക്കുന്ന കാലത്ത് കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവരാകണമെന്നും ബിഷപ്പിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവാദവും അവസാനിപ്പിക്കണമെന്നും കാന്തപുരം വ്യക്തമാക്കി.
ബിഷപ്പിന്റെ പരാമര്‍ശത്തില്‍ തുടരുന്നത് അനാവശ്യ വിവാദങ്ങളെന്നായിരുന്നു കെ. മുരളീധരന്‍ എം.പിയുടെ പ്രതികരണം. മയക്കുമരുന്ന് കേരളത്തില്‍ ശക്തമാണ്. പക്ഷേ ഒരു മതത്തിന്റെ പേരില്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. ബിഷപ്പ് ഭീകവാദികള്‍ക്കെതിരെയാണ് പറഞ്ഞതെങ്കിലും കൊണ്ടത് സിപിഐഎമ്മിനും കോണ്‍ഗ്രസിനുമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പരിഹാസം.