തിരുവനന്തപുരം : വാഹനാപകടത്തിൽ ഭർത്താവ് മരിച്ചതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. പോത്തൻകോട് സ്വദേശി സൂരജ് സുനിലിന്റെ ഭാര്യ മിഥുനയാണ് പാറക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്തത്. ഒരാഴ്ച മുമ്പാണ് മുട്ടന്തറയിലുണ്ടായ വാഹനാപകടത്തിൽ സൂരജ് മരിച്ചത്.
രാവിലെയോടെയായിരുന്നു സംഭവം. പുലർച്ചെ രണ്ട് മണി മുതൽ മിഥുനയെ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും പോലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം ചിറ്റിക്കരയിലെ പാറക്കുളത്തിൽ കണ്ടെത്തിയത്.
വെയിലൂർ കന്നുകാലിവനം സ്വദേശിനിയാണ് ഇരുപത്തി രണ്ടുകാരിയായ മിഥുന. കഴിഞ്ഞ ഞായറാഴ്ച ദേശീയ പാതയിൽ മുട്ടത്തറയിൽ വച്ചുണ്ടായ കാറപകടത്തിലാണ് സൂരജ് മരിച്ചത്. നഴ്സിംഗ് വിദ്യാർത്ഥിനിയായ മിഥുനയെ പഠനത്തിനായി തിരുവല്ലത്ത് കൊണ്ട് വിട്ട് മടങ്ങി വരുമ്പോഴായിരുന്നു അപകടം. ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതായാണ് പോലീസ് നിഗമനം. ഏഴ് മാസം മുൻപാണ് ഇവരുടെ വിവാഹം നടന്നത്.
സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും