ഫാത്തിമ തെഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:
മുസ്ലിം ലീഗിന്റെ ആദർശത്തിൽ വിശ്വസിച്ചാണ് ഞാൻ പാർട്ടിയിൽ ചേർന്നത്. സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാർട്ടിയിൽ വന്നത്. ഇപ്പോൾ നിലനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി മാറുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാർത്തകൾ കളവും ദുരുദ്ദേശപരവുമാണ്.
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയാണ് തെഹ്‌ലിയക്കെതിരെ നടപടിയെടുത്തത്. അച്ചടക്ക ലംഘനം നടത്തിയതിനാണ് നടപടി എന്നാണ് വിശദീകരണം. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് ഫാത്തിമ തെഹ്‌ലിയെ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കിയത്.
ഹരിത കമ്മിറ്റി പുനസംഘടനയിലും ഫാത്തിമ തഹ്ലിയ അതൃപ്തി പ്രകടപ്പിച്ചിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മിഷനില്‍ നല്‍കിയ ലൈംഗീക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടര്‍ന്ന് പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിക്ക് പകരം ഇന്നലെ ലീഗ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു.
പി.എച്ച് ആയിശ ബാനുവാണ് ഹരിതയുടെ പുതിയ സംസ്ഥാന പ്രസിഡന്റ്. റുമൈസ റഫീഖ് ആണ് ജനറല്‍ സെക്രട്ടറി. അതേസമയം പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിശ ബാനു. കടുത്ത നീതി നിഷേധമാണ് ഹരിതയിലെ ഭാരവാഹികൾ നേരിട്ടതെന്നും അതൃപ്തി മുസ്ലിം ലീഗ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കുമെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞിരുന്നു.
തെഹ്‌ലിയെ എംഎസ്‍എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കിയത് പ്രതികാര നടപടിയാണെന്ന് ഹരിത മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ ട്വൻറി ഫോറിനോട് പറഞ്ഞു. ഫാത്തിമ തെഹ്‌ലിയുടെ അച്ചടക്ക ലംഘനം എന്താണെന്ന് വ്യക്തമാക്കണം. തികഞ്ഞ സ്ത്രീവിരുദ്ധതയാണ് ഇപ്പോൾ നേതൃത്വം സ്വീകരിച്ച നടപടി. ലീഗിലെ പല നേതാക്കളും ഇപ്പോഴും ഹരിതയ്‌ക്കൊപ്പമാണ്. നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും നജ്മ തബ്ഷീറ ട്വന്റി ഫോറിനോട് പറഞ്ഞു.