ഭുവനേശ്വർ : രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ വിദേശ രാജ്യങ്ങൾക്ക് ചോർത്തി കൊടുത്ത സംഭവത്തിൽ നാല് പേർ പിടിയിൽ. ഒഡീഷയിലാണ് സംഭവം. ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിലെ (ഡിആർഡിഒ) കരാർ ജീവനക്കാരാണ് പിടിയിലായത്. പാകിസ്താൻ ഏജന്റുമാർക്കാണ് ഇവർ വിവരങ്ങൾ ചോർത്തി കൊടുത്തത് എന്നാണ് സൂചന.
രാജ്യത്തിന്റെ പ്രതിരോധ വിവരങ്ങൾ ഉൾപ്പെടെ നിരവധി നിർണായക വിവരങ്ങളാണ് ഇവർ ടെലിഫോണിലൂടെ ചോർത്തിയത്. സംഭവത്തിൽ ബസന്ത ബെഹെറ, എസ്‌കെ ഫുസാഫിർ, പ്രകാശ് ബെഹെറ എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയുടെ പേര് പോലീസ് പുറത്തു വിട്ടിട്ടില്ല. ഇതിന് പകരമായി ഇവർക്ക് പ്രതിഫലം ലഭിച്ചിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
രഹസ്യാന്വേഷണം വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ പോലീസ് സംഘമാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഡിആർഡിഒയിലെ ജീവനക്കാർ ഐഎസ്ഡി കോളുകൾ നടത്തി പാക് ഏജന്റുമാരുമായി ബന്ധപ്പെട്ടതായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് നാല് പേരെ പിടികൂടിയത് എന്ന് ബലാസുർ പോലീസ് അറിയിച്ചു.
പണത്തിന് വേണ്ടിയാണ് ഇവർ രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയത് എന്ന് പോലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തിയതായും അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.