പെൺകുട്ടിയുടെ ഫോണിൽ അശ്ലീല സന്ദേശം അയച്ച പ്രശ്‌നം പരിഹരിക്കാനെത്തിയ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; അഞ്ച് പേർ അറസ്റ്റിൽ

ആലപ്പുഴ : പൂച്ചാക്കലിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തൈക്കാട്ടുശ്ശേരി സ്വദേശിയായ വിപിൻലാലിനെ (37) മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്.

കേസിലെ കൂട്ടുപ്രതികളായ തൈക്കാട്ടുശ്ശേരി ഒൻപതാം വാർഡ് ശ്രീശൈലത്തിൽ അഭിജിത്ത് (27), പത്താം വാർഡ് സുഭാഷ് ഭവനത്തിൽ സുധീഷ് (23), പത്താം വാർഡ് പണിക്കാം വേലി വീട്ടിൽ ജിബിൻ (28), പത്താം വാർഡ് ചീരാത്തുകാട്ടിൽ അനന്ദകൃഷ്ണൻ (25) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രധാന പ്രതി തൈക്കാട്ടുശ്ശേരി മാക്കേക്കടവ് കണിയാം ചിറയിൽ സുജിത്തിനെ (27) പൂച്ചാക്കൽ പോലീസ് കൊലപാതകം നടന്ന അന്ന് തന്നെ പിടികൂടിയിരുന്നു. എന്നാൽ കൂട്ടു പ്രതികൾ ഒളിവിൽപോയി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇടുക്കിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്.

പെൺകുട്ടിയുടെ ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയച്ച സംഭവം പരിഹരിക്കാൻ പോയതിന് പിന്നാലെയാണ് സംഘം വിപിൻലാലിനെ കൊലപ്പെടുത്തിയത്. വിപിൻലാലിന്റെ ജോലിക്കാരനായ വിവേകിന്റെ സഹോദരിയുടെ ഫോണിലാണ് ഒരു യുവാവ് അശ്ലീല സന്ദേശം അയച്ചത്.
വിഷയം പരിഹരിച്ച് ഒരാഴ്ചയ്‌ക്ക് ശേഷമാണ് സംഘർഷം നടന്നത്.

ശനിയാഴ്ച രാത്രി വിപിൻലാൽ ജോലിക്കായി പോകുന്നതിനിടെ വീടിനടുത്തുള്ള റോഡിൽ വെച്ചാണ് സംഘർഷം നടന്നത്. ആക്രമണത്തിൽ തലയ്‌ക്ക് പരിക്കേറ്റ വിപിൻലാൽ ആശുപത്രിയിലേയ്‌ക്കുള്ള യാത്രാമദ്ധ്യേ ആണ് മരിച്ചത്.
Tags