സച്ചിനെ മറികടന്നു; ഫോം നഷ്ടത്തിലും ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോലി

ഓവല്‍: രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടിയിട്ട് രണ്ട് വര്‍ഷത്തോളമായെങ്കിലും ഇംഗ്ലണ്ടിനെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പുതിയ ബാറ്റിംഗ് റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 23000 റണ്‍സ് പിന്നിടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ‍ാണ് കോലി ഓവലില്‍ സ്വന്തമാക്കിയത്.



490 ഇന്നിംഗ്സുകളില്‍ നിന്നാണ് കോലി 23000 റണ്‍സ് പിന്നിട്ടത്. 522 ഇന്നിംഗ്സുകളില്‍ നിന്ന് 23000 റണ്‍സ് പിന്നിട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് കോലി ഇന്ന് പിന്നിലാക്കിയത്. 544 ഇന്നിംഗ്സുകളില്‍ നിന്ന് 23000 പിന്നിട്ട ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് കോലിക്കും സച്ചിനും പിന്നില്‍ മൂന്നാമത്.

രാജ്യാന്തര ക്രിക്കറ്റില്‍ 23000 റണ്‍സ് പിന്നിടുന്ന ഏഴാമത്തെ മാത്രം ബാറ്റ്സ്മാനാണ് കോലി. ജാക്വിസ് കാലിസ്(551 ഇന്നിംഗ്സ്), കുമാര്‍ സംഗക്കാര(568), രാഹുല്‍ ദ്രാവിഡ്(576), മഹേല ജയവര്‍ധനെ(645) എന്നിവരാണ് കോലിക്ക് പുറമെ ഈ നേട്ടത്തിലെത്തിയവര്‍. ഓവല്‍ ടെസ്റ്റിനിറങ്ങുമ്പോള്‍ ചരിത്രനേട്ടത്തിന് ഒരു റണ്‍സ് മാത്രം അകലെയായിരുന്നു കോലി.

കഴിഞ്ഞ 51 ഇന്നിംഗ്സുകളില്‍ ഒരു രാജ്യാന്തര സെഞ്ചുറി പോലും നേടാന്‍ കോലിക്കായിട്ടില്ല. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു കോലിയുടെ അവസാന രാജ്യാന്തര സെഞ്ചുറി.
Tags