ന്യൂഡൽഹി : ഭീകരത വളർത്താനുള്ള അഫ്ഗാന്റെ നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഒരിക്കൽ കൂടി മുന്നറിയിപ്പ് നൽകി ഇന്ത്യ. അഫ്ഗാന്റെ മണ്ണിൽ ഭീകരത വളർത്താൻ അനുവദിക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അഫ്ഗാനിലെ സർക്കാർ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.
ഭീകരതയും, ഭീകരരെയും കയറ്റി അയക്കാനുള്ള മണ്ണായി താലിബാൻ അഫ്ഗാനിസ്താനെ ഉപയോഗിക്കരുത്. ഏത് തരത്തിലുള്ള സർക്കാരാണ് അഫ്ഗാനിൽ രൂപീകരിക്കാനിരിക്കുന്നതെന്ന് ഇന്ത്യയ്‌ക്ക് അറിയില്ല. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളൊന്നും തന്നെ അറിയിക്കാനില്ലെന്നും ബാഗ്ചി പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കാബൂളിലെ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചാൽ ഉടൻ തന്നെ ദേവീ ശക്തി ദൗത്യം ആരംഭിക്കും. നിലവിൽ കാബൂൾ വിമാനത്താവളം പ്രവർത്തിക്കുന്നില്ല. ഭൂരിഭാഗം ഇന്ത്യക്കാരും അഫ്ഗാൻ വിട്ടുവെന്നും അദ്ദേഹം അറിയിച്ചു.