തിരുവനന്തപുരം : വനവാസി ഊരുകളിലെ ജനങ്ങൾക്ക് വേണ്ടി സേവാഭാരതി പുറത്തിറക്കിയ മെഡിക്കൽ വാൻ ഫ്‌ലാഗ് ഓഫ് ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കവയത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം ആരംഭിച്ച സുഗതം പദ്ധതിയുടെ കീഴിലാണ് മെഡിക്കൽ വാൻ പുറത്തിറക്കിയത്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വനവാസി ഊരുകളിലേക്കാണ് ഇത് പ്രവർത്തിക്കുക.
വനവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി സേവാഭാരതി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഉദ്ഘാടനത്തിന് ശേഷം ഗവർണർ പറഞ്ഞു. സേവാഭാരതിക്കെതിരായ ചില ഭാഗങ്ങളിൽ നിന്നുള്ള അനാവശ്യമായ വിമർശനങ്ങളിൽ അസ്വസ്ഥരാകരുതെന്നും ആരംഭിച്ച ഉദാത്തമായ കാര്യങ്ങളുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലും സേവാഭാരതിയുടെ പദ്ധതികളുമായി ബന്ധപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
സുഗതകുമാരി പങ്കുവെച്ച ആശയങ്ങളിൽ നിന്നാണ് സേവാഭാരതി പ്രവർത്തകർ ജനങ്ങളെ സഹായിക്കാനുള്ള പുതിയ പദ്ധതിക്ക് രൂപം നൽകിയത്. ജില്ലകളിലെ പ്രമുഖ ആശുപത്രികളുടെ സഹകരണത്തോടെ ഊരുകളിൽ ക്യാമ്പ് ചെയ്താണ് ആരോഗ്യസേവനം ലക്ഷ്യമിടുന്നത്. ഒരു ഡോക്ടറുടെയും, നഴ്സിന്റെയും, സന്നദ്ധപ്രവർത്തകരുടെയും സേവനം മെഡിക്കൽ വാനിൽ ഉറപ്പാക്കും. ചികിത്സയും മരുന്നും അവിടെത്തന്നെ നൽകും. ഗുരുതര രോഗമുള്ളവർക്കും കൂടുതൽ ചികിത്സ ആവശ്യമുള്ളവർക്കും അതതു ജില്ലകളിലെ പ്രമുഖ ആശുപത്രികളിൽ സൗജന്യ ചികിത്സ സുഗതം പദ്ധതിയിലൂടെ ഉറപ്പാക്കുമെന്ന് സേവാ ഭാരതി പ്രവർത്തകർ അറിയിച്ചു.
ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷൻ ഡോ.രഞ്ജിത്ത് ഹരി, ആർഎസ്എസ് പ്രചാരക് എസ്.സേതുമാധവൻ, സേവാഭാരതി സംസ്ഥാന സമിതി അംഗം അഡ്വ.കെ.എം. രശ്മി, സുഗതകുമാരിയുടെ മകളും കവിയുമായ ലക്ഷ്മിദേവി തുടങ്ങിയവരും പങ്കെടുത്തു.