ആലുവ: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളിയിലെ മുൻ കൈക്കാരൻ അറസ്റ്റിൽ. ചൂണ്ടി എട്ടേക്കർ സെന്റ് ഡൂഡ് പള്ളിയിലെ മുൻ കൈക്കാരൻ ചൂണ്ടി പുളിപ്പറമ്പിൽ ജോഷിയെയാണ് (60) എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിയും പരിസരവും അടിച്ചുവൃത്തിയാക്കാൻ വന്ന യുവതിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
കഴിഞ്ഞ ഏപ്രിൽ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നദിവസം പള്ളിയിൽ പുത്തൻകുർബന നടക്കുന്നതിനാൽ പള്ളിയും പരിസരവും വൃത്തിയാക്കുന്നതിനാണ് മദർ തേരസ കുടുംബ യൂണിറ്റ് അംഗമായ യുവതിയെ പള്ളി കൈക്കാരൻ വിളിച്ചുവരുത്തിയത്. കണ്ടെയ്ൻമെന്റ് സോണായതിനാൽ വാഹന സൗകര്യമില്ലെന്നറിയിച്ചപ്പോൾ കൈക്കാരൻ സ്വന്തം വാഹനത്തിലെത്തിയാണ് പള്ളിയിലേക്ക് കൊണ്ടുവന്നത്. യുവതിക്കൊപ്പം മകനും ഉണ്ടായിരുന്നു. ഉച്ചയോടെ തിരിച്ച് വീട്ടിലാക്കിയപ്പോൾ മോശമായി പെരുമാറിയെന്നാണ് കേസ്.
പള്ളി കമ്മിറ്റിയിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്നതിനെ തുടർന്ന് ജൂൺ 23ന് പൊലീസിൽ പരാതി നൽകി. ഇതിനിടയിൽ യുവതിക്കെതിരെ പ്രതി നിരവധി അപവാദ കഥകളും പ്രചരിപ്പിച്ചതായി പരാതിയിൽ പറയുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ജൂലായ് 31ന് രഹസ്യ മൊഴി നൽകിയിരുന്നു. തുടർന്നാണ് പ്രതിയെ കൈക്കാരൻറെ ചുമതലയിൽ നിന്നും നീക്കാൻ പള്ളി അധികൃതർ തയ്യാറായത്.
ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ഹർജി നൽകിയതിനാൽ പ്രതിയെ ഇന്നലെ ജാമ്യത്തിൽ വിട്ടയച്ചതായി സി.ഐ പി.ജെ.നോബിൾ അറിയിച്ചു. പരാതിക്കാരിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.