യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനം; ദേശീയ നേതൃത്വത്തിന് കത്ത്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനത്തില്‍ ദേശീയ നേതൃത്വത്തിന് കത്ത്. സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എസ് നുസൂറാണ് കത്തയച്ചത്. യോഗ്യരായ നിരവധി പേര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടെന്ന് കത്തില്‍ പറയുന്നു.

കൂടിയാലോചനയില്ലാതെ എടുത്ത തീരുമാനം പലരേയും നിരാശരാക്കി. സംസ്ഥാന നേതൃത്വുമായി ആലോചിച്ച് മാത്രം തീരുമാനമെടുക്കണമെന്നും സംസ്ഥാന ഉപാധ്യക്ഷന്‍ അയച്ച കത്തില്‍ നിര്‍ദേശിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനത്തില്‍ കടുത്ത എതിര്‍പ്പ് വിവിധയിടങ്ങളില്‍ നിന്നുണ്ടായതോടെ നിയമനം മരവിപ്പിച്ചിരുന്നു. നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം തുടര്‍നടപടികളെടുക്കുമെന്ന് ദേശീയ നേതൃത്വം അറിയിച്ചു.

സജീവ രാഷ്ട്രീയത്തില്‍ ഇല്ലാത്തവരെ വക്താക്കളാക്കിയെന്നായിരുന്നു വിമര്‍ശനം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന് പുറമേ ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരായിരുന്നു വക്താക്കള്‍. പുതിയ അഞ്ചു വക്താക്കളില്‍ നാലു പേരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കോ, നേതാക്കള്‍ക്കോ അറിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. അര്‍ജുന്‍ രാധാകൃഷ്ണന് സംഘടന പരിചയമില്ലെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം.

യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
Tags