തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികനില അതീവഗുരുതരമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേസരി ജേർണലിസ്റ്റ് ട്രസ്റ്റിലെ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കേണ്ട നികുതി വിഹിതത്തില്‍ കേന്ദ്രം വന്‍ കുറവ് വരുത്തി. ഈ സമീപനം തുടര്‍ന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തിനകം, സംസ്ഥാനത്തിന് കിട്ടിയിരുന്നതില്‍ 32000 കോടി രൂപയുടെ കുറവ് വരും. ധനകമീഷന് വിഹിതം അടുത്ത വര്‍ഷം 15000 കോടി ലഭിക്കും. അതിനടുത്ത വര്‍ഷം 4000 കോടിയും. പിന്നീട് കിട്ടില്ല. 2022 ജൂലൈക്ക് ശേഷം ജി.എസ്.ടി നഷ്ടപരിഹാരവും ലഭിക്കില്ല.
പ്രതിസന്ധിയിലും വാഗ്ദാനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. പൊതുമേഖല വില്‍ക്കില്ല. ജി.എസ്.ടി നഷ്ട പരിഹാരം അഞ്ച് വര്‍ഷം കൂടി നീട്ടണമെന്ന് അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ ആവശ്യപ്പെടും.
കേന്ദ്രം പിരിച്ചെടുത്ത നികുതിയില്‍ സംസ്ഥാനത്തിന് തരാനുള്ളത് തരണം. കടംവാങ്ങല്‍ പരിധി വീണ്ടും കുറച്ചു. ഇത് അഞ്ച് ശതമാനമാക്കണം. വൈദ്യുതി ബോര്‍ഡിന്റെ കടഭാരം ഏറ്റെടുക്കാന്‍ കേന്ദ്രം വ്യവസ്ഥ വെച്ചിട്ടുണ്ട്. സഞ്ചിതനഷ്ടം അടക്കം ഇതിന്റെ സാമ്പത്തിക സാഹചര്യം പരിശോധിക്കും. കിഫ്ബി ശക്തമായി മുന്നോട്ടു കൊണ്ടുപോകും. സാമ്പത്തിക സാഹചര്യം മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ആഗസ്റ്റില്‍ നികുതിയില്‍ 30 ശതമാനം വര്‍ധന വന്നു. എന്നാല്‍, അത് കോവിഡിന് മുമ്പത്തേതിനേക്കാള്‍ താഴെയാണ്. സാമ്പത്തികരംഗം സജീവമാക്കും. വീണ്ടും സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുന്നത് ആലോചിച്ചിട്ടില്ല. കോവിഡ് രണ്ടാംതരംഗത്തിന്റെ ആഘാതം പഠിക്കാന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തി. എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍ ഗൗരമായി കാണാതെ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ല. ആറ് ലക്ഷം കോടിയുടെ ആസ്തിയാണ് കേന്ദ്രം വില്ക്കാന് തീരുമാനിച്ചത്. ബ്രിട്ടീഷുകാരും നാട്ടുരാജ്യങ്ങളും ഉണ്ടാക്കിയ ആസ്തികള്‍ വരെ വില്പനക്ക് വെച്ചിട്ടുണ്ട്. സാമ്പത്തിക നയത്തിലെ പ്രശ്നങ്ങളാണ് പണമില്ലാതാകാന്‍ കാരണം. വിത്തെടുത്ത് കുത്തലാണ് കേന്ദ്രം നടത്തുന്നത്. പ്രശ്നപരിഹാരത്തിന് സംസ്ഥാനങ്ങള്‍ യോജിച്ച നിലപാട് എടുക്കണമെന്നും മന്ത്രി പറഞ്ഞു.