തിങ്കളാഴ്​ച മുതൽ നിയന്ത്രണം ലംഘിച്ച്​ കട തുറക്കുമെന്ന്​ വ്യാപാരികൾ

കോഴിക്കോട്​: തിങ്കളാഴ്​ച മുതൽ കോഴിക്കോട്​ ജില്ലയിൽ കണ്ടെയ്​ൻമെൻറ്​ സോണുകളിൽ ഉൾപ്പെടെ എല്ലാ കടകളും തുറന്നു പ്രവർത്തിക്കുമെന്ന്​ വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ്​ ടി. നസിറുദ്ദീൻ പ​ങ്കെടുത്ത യോഗമാണ്​ കടതുറക്കൽ സമരം പ്രഖ്യാപിച്ചത്​. പ്രതിവാര കോവിഡ്​ വ്യാപനക്കണക്കി​‍െൻറ അടിസ്ഥാനത്തിൽ കണ്ടെയ്​ൻമെൻറ്​ സോണുകൾ തീരുമാനിച്ചതോടെ ജില്ലയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും കടകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ്​ വ്യാപാരികൾ വീണ്ടും സമരവുമായി രംഗത്തിറങ്ങുന്നത്​.

ജൂലൈ 26ന്​ മിഠായിത്തെരുവിൽ പൊട്ടിപ്പുറപ്പെട്ട സമരം സംസ്ഥാനമാകെ പടർന്നിരുന്നു. പിന്നീട്​ സർക്കാർ ഇളവുകൾ പ്രഖ്യാപിക്കുകയും എല്ലാ കടകളും ഞായർ ഒഴികെ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകുകയും ചെയ്​തിരുന്നു. ആഗസ്​റ്റ്​ അഞ്ചു മുതലാണ്​ നിയന്ത്രണങ്ങളിൽ ഇളവ്​ ലഭിച്ചത്​.

ജനസംഖ്യാടിസ്ഥാനത്തിൽ പ്രതിവാര രോഗസ്ഥിരീകരണക്കണക്ക്​ നോക്കി നിയന്ത്രണം നടപ്പാക്കാൻ ആരംഭിച്ചതോടെ മിക്ക പ്രദേശങ്ങളിലും കടകൾ തുറക്കാൻ കഴിയാത്ത സാഹര്യമായെന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച്​ കലക്​ടർക്ക്​ നിവേദനം നൽകും. യോഗത്തിൽ ​സംസ്ഥാന പ്രസിഡൻറ്​ ടി. നസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ. സേതുമാധവൻ, എ.വി.എം. കബീർ, എം. ഷാഹുൽ ഹമീദ്​, അഷ്​റഫ്​ മൂത്തേടത്ത് തുടങ്ങിയവർ സംസാരിച്ചു.
Tags