സ്റ്റാന്റിൽ മദ്യവിൽപ്പന; ഓടാൻ പോലും നിവൃത്തിയില്ലാതെ കിടക്കുന്ന കെഎസ്ആർടിസി ഒന്ന് രക്ഷപ്പെട്ടോട്ടെയെന്ന് ഗണേഷ് കുമാർ

കൊല്ലം : ബിവറേജസ് കോർപ്പറേഷന് കെട്ടിടം വാടകയ്‌ക്ക് കൊടുക്കാൻ തീരുമാനിച്ച കെഎസ്ആർടിസി നീക്കത്തിന് പിന്തുണയുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. ഓടാൻ പോലും നിവൃത്തിയില്ലാതെ കിടക്കുകയാണ് കെഎസ്ആർടിസി. ടിക്കറ്റ് വരുമാനമല്ലാതെ മറ്റൊരു വരുമാനം കണ്ടെത്താൻ മാനേജിംഗ് ഡയറക്ടർ ശ്രമിക്കുമ്പോൾ അതിനെ അധിക്ഷേപിക്കുന്നത് ശരിയല്ല. മൊബൈൽ ഫോൺ ടവറിനെതിരെ സമരം ചെയ്യുന്നത് പോലെയുള്ള പിന്തിരിപ്പൻ സമീപനമാണ് ഇതിന് പിന്നിലെന്നും ഗണേഷ് കുമാർ പറഞ്ഞു.

കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാന്റിനകത്താണ് ബിവേറജസ് ഷോപ്പ് പ്രവർത്തിക്കുന്നത്. വിമാനത്തവളത്തിലെല്ലാം മദ്യ ഷോപ്പുകളുണ്ട്. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ബാറുണ്ട്. ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും റെസ്റ്റോറന്റുകളിലുമൊക്കെ മദ്യഷാപ്പുകളുണ്ട്. അതുകൊണ്ട് അവിടെയുള്ള ആളുകളെല്ലാം കള്ളും കുടിച്ച് തലകുത്തി കിടക്കുയല്ല, മാന്യമായിട്ട് പോകുന്നുണ്ട്. അവരാരും മദ്യപിച്ച് വാഹനമോടിക്കുകയോ സ്ത്രീകളെ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല. ചില കള്ളുകുടിയൻമാർക്ക് ഒരു അസുഖം വരുന്നതല്ലാതെ അത് സാധനത്തിന്റെ കുഴപ്പമല്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

കെഎസ്ആർടിസിയുടെ കെട്ടിടത്തിൽ മദ്യ ഷാപ്പുകൾ വന്നാൽ അതിന്റെ വാടക കെഎസ്ആർടിസിക്ക് കിട്ടും. സ്വകാര്യ വ്യക്തികൾക്ക് കിട്ടുന്നതിൽ ആർക്കും പ്രശ്നവുമില്ല. കൊട്ടാരക്കരയിൽ ഇതുവരെ ആർക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസിക്ക് പത്ത് കാശ് എവിടെ നിന്നെങ്കിലും കിട്ടിയാൽ ഈ ഗ്രാമങ്ങളിലൂടെ അതൊന്ന് ഓടിക്കിട്ടും.

മൊബൈൽ ഫോൺ ടവർ വെക്കുന്നതിനെ എതിർക്കുന്നത് പോലെയാണ് ചിലർ ഇതിനെയും എതിർക്കുന്നത്. മൊബൈൽ ഫോൺ ടവറുകൾക്കെതിരെ സമരം ചെയ്തവർ ഇപ്പോൾ പറയുന്നത് തന്റെ കുട്ടികൾക്ക് പഠിക്കാൻ നെറ്റ് കിട്ടുന്നില്ലെന്നാണ്. ആളുകളുടെ പിന്തിരപ്പൻ സമീപനം ശരിയല്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
Tags