കൊറോണ വാക്‌സിൻ പാഴാക്കുന്നത് ഒഴിവാക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യുഡൽഹി: കൊറോണ വാക്‌സിനുകൾ പാഴാക്കുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസിംഗിലൂടെ ആരോഗ്യ പ്രവർത്തകരോട് സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അഭ്യർത്ഥിച്ചത്. ഹിമാചൽ പ്രദേശിലെ കൊറോണ വാക്സിൻ സ്വീകരിച്ചവരോടും ആരോഗ്യ പ്രവർത്തകരോടുമായിരുന്നു പ്രധാനമന്ത്രിയുടെ സംവാദം. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറും പരിപാടിയിൽ പങ്കെടുത്തിരുന്നു.

കൊറോണ വാക്‌സിൻ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുന്നത് വാക്‌സിനേഷന്റെ ചെലവ് 10 ശതമാനം കുറയ്‌ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകൾ, പ്രായമായവർ ,വ്യവസായ തൊഴിലാളികൾ, ദിവസവേതനക്കാർ മുതലായവർക്ക് സംസ്ഥാനം പ്രത്യേക ശ്രദ്ധ നൽക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇതിനായി ‘സുരക്ഷാ കി യുക്തി-കൊറോണ സേ മുക്തി’ പോലുള്ള പ്രത്യേക പ്രചാരണങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെറസിനെക്കുറിച്ചും കുത്തിവയ്പ്പിനെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുന്നതിനായി എല്ലാ വീടുകളും സന്ദർശിക്കാൻ ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ദിവസവും ആരോഗ്യ പ്രവർത്തകരിൽ നിന്ന് ഫീഡ്ബാക്ക് എടുക്കുകയും വാക്‌സിൻ പാഴാകുന്നത് ഒഴിവാക്കാൻ ഡേറ്റ ശേഖരിക്കുകയും ചെയ്യുന്നുവെന്നും ഷിംലയിലെ ദോദ്രാ ക്വാർ ഏരിയയിലെ സിവിൽ ആശുപത്രിയിലെ ഡോ. രാഹുൽ പ്രധാനമന്ത്രിയെ അറിയിച്ചു.

ഹിമാചൽ പ്രദേശിലെ എല്ലാ ആളുകളും കൊറോണ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്തിന്റെ ഉൾഗ്രാമങ്ങളിലെ ആളുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം. ഇതിനായി ആരോഗ്യ പ്രവർത്തകർ വീടുകൾതോറും സന്ദർശിച്ച് ആളുകളിൽ കൂടുതൽ ബോധവൽകരണം പരിപാടികൾ നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് പ്രഖ്യാപനം അറിയിച്ചത്.
Tags