ന്യൂഡൽഹി: വാക്‌സിനേഷനിൽ മുന്നേറി ഇന്ത്യ. ഞായറാഴ്ചയോടെ രാജ്യത്താകമാനം നൽകിയ വാക്‌സിനേഷൻ 68.46 കോടി കടന്നു. ഇന്നലെ ഒറ്റ ദിവസത്തെ വാക്‌സിനേഷൻ 71.61 ലക്ഷത്തിന് മുകളിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും വാക്‌സിനേ ഷനുകളുടെ കണക്കാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. ഇന്നലെയോടെ രാജ്യത്താകമാനം 68,46,69,521 വാക്‌സിനുകളാണ് കുത്തിവെച്ചത്. ഇന്നലെ മാത്രം വാക്‌സിൻ കുത്തിവെപ്പ് 71,61,760 ആണ്.
വിവിധ പ്രായപരിധിയിലുള്ളവർക്ക് നൽകിയ വാക്‌സിൻ വിതരണ കണക്കുകളും കേന്ദ്രസർക്കാർ പുറത്തുവിട്ടു. 18-45 വയസ്സുകാരുടെ ഇടയിൽ 27, 04,12,926 പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. ഇവരിൽ 3,36,97,606 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചതായും സർക്കാർ അറിയിച്ചു.
ആരോഗ്യപ്രവർത്തകർക്കിടയിലെ വാക്‌സിനേഷനിൽ 1,03,60,742 പേർക്കാണ് ഇതുവരെ വാക്‌സിൻ നൽകിയത്. ഇവർക്കൊപ്പം സേവനമനുഷ്ഠിക്കുന്ന മറ്റ് മുന്നണി പ്രവർത്തകരിൽ 1,83,29,504 പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.