ന്യൂഡൽഹി: 2021 ഒക്ടോബറോടെ ഒഴിവുള്ള 6,000 തസ്തികകൾ നികത്താൻ കേന്ദ്ര സർവകലാശാലകൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. കേന്ദ്ര സർവകലാശാലകളുടെ വൈസ് ചാൻസലർമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ മന്ത്രി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, അമിത് ഖരെ, ചെയർമാൻ യുജിസി പ്രൊഫസർ ഡി പി സിംഗ്, എന്നീ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ലോകത്തിലെ മറ്റു രാജ്യങ്ങളെക്കാൾ ഇന്ത്യയെ മുന്നിൽ എത്തിക്കുവാൻ പുതിയ വിദ്യാഭ്യാസ നയം (എൻഇപി) നിർണായക പങ്ക് വഹിക്കും. ഈ നേട്ടം കൈവരിക്കുന്നതിനായി സർവകലാശാലകൾ അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. സാമൂഹിക-സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും, ദേശീയ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുമുള്ള പ്രധാന ഉപാധിയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നും പ്രധാൻ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളെ സമ്പൂർണ്ണ സാക്ഷരരാക്കാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കാനും, ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പോഷകാഹാര വെല്ലുവിളികൾ നേരിടാൻ രാജ്യത്തെ സഹായിക്കാനും മന്ത്രി സർവകലാശാലകളോട് ആവശ്യപ്പെട്ടു.