പാരാലിമ്പിക്‌സ്:ഇന്ത്യൻ ബാഡ്മിന്റൺ താരം സ്വർണ്ണത്തിനരികെ; ഷൂട്ടിംഗിലും ഇന്ത്യൻ നിര ഫൈനലിൽ

ടോക്കിയോ: പാരാലിമ്പിക്‌സിൽ മെഡലിനരികെ ഇന്ത്യൻ താരങ്ങൾ. ബാഡ്മിന്റണിൽ പ്രമോദ് ഭഗത് സ്വർണ്ണത്തിനരികെ എത്തിയപ്പോൾ ഷൂട്ടിംഗിൽ സിംഗ് രാജും മനീഷും മെഡൽ പ്രതീക്ഷ  നിലനിർത്തി ഫൈനലിൽ കടന്നിരിക്കുകയാണ്.

ബാഡ്മിന്റണിലെ പുരുഷവിഭാഗത്തിൽ ജപ്പാന്റെ ദായ്‌സൂകേ ഫുജീഹാരയെ തകർത്താണ് പ്രമോദ് ഫൈനലിലേക്ക് കടന്നത്. 21-11,21-16 എന്ന സ്‌കോറിനാണ് പ്രമോദ് വെള്ളി മെഡൽ ഉറപ്പിച്ചത്. എസ്.എൽ3 വിഭാഗത്തിലാണ് പ്രമോദ് പോരാടിയത്. നിലവിൽ ലോക ഒന്നാം നമ്പർ താരമാണ് പ്രമോദ് ഭഗത്.

ഇന്നലെ പ്രമോദ് ഭഗതും വനിതാ താരം പാലക് കോഹ്ലിയും അടങ്ങുന്ന മിക്‌സഡ് ടീം സെമിയിലേക്ക് മുന്നേറിയിരുന്നു. തായ്‌ലാന്റിന്റെ എൻ.സായെൻസൂപ-സിരിപോംഗ് തിയാമോരോം സഖ്യത്തെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്കാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്.

ഷൂട്ടിംഗിൽ സിംഗ് രാജ് അധാനയും മനീഷ് നർവാളും ഫൈനൽ റൗണ്ടിലേക്ക് പ്രവേശിച്ചു.പി4 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം. സിംഗ്രാജ് 536 പോയിന്റും മനീഷ് 533 പോയിന്റുമാണ് നേടിയത്

Tags