കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പ് തിയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുൾപ്പെടെയുളളവരാണ് ജനവിധി തേടുന്നത്. സെപ്തംബർ 30 നാണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ മൂന്നിന് ഫലം പ്രഖ്യാപിക്കും.
ഭബാനിപൂർ, സംഷേർഗഞ്ച് ജഗ്‌നിപൂർ എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനർജി ഭബാനിപൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് തോറ്റ ശേഷമാണ് മമത മുഖ്യമന്ത്രിയായി അധികാരമേറ്റത്. ചട്ടമനുസരിച്ച് ആറ് മാസത്തിനുളളിൽ ജനവിധി തേടണം. അതുകൊണ്ടു തന്നെ മമതയ്‌ക്ക് ഏറെ നിർണായകമാണ് ഉപതെരഞ്ഞെടുപ്പ്.
ഭബാനിപൂരിൽ നിന്നും മത്സരിച്ച് വിജയിച്ച ശോഭൻദേബ് ചട്ടോപാദ്ധ്യായ മമതയ്‌ക്ക് മത്സരിക്കാനായി എംഎൽഎ സ്ഥാനം രാജിവെയ്‌ക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ ബിജെപി ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ട് നടന്ന വ്യാപക അക്രമങ്ങളിൽ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നത്. ഇതിനിടയിലാണ് മമത വീണ്ടും ജനവിധി തേടുന്നത്.
1956 വോട്ടുകളുടെ വ്യത്യാസത്തിലാണ് മമത സുവേന്ദു അധികാരിയോട് പരാജയപ്പെട്ടത്. 2011 ലും, 2016 ലും ഇതേ മണ്ഡലത്തിൽ നിന്നും മമത വിജയിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് ഭാഗ്യപരീക്ഷണത്തിനായി ഇക്കുറി മമത ഭബാനിപൂർ തെരഞ്ഞെടുത്തത്.
അതേസമയം ബംഗാളിലെ ഉപതെരഞ്ഞെടുപ്പ് തിയതികൾ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. മഹാരാഷ്‌ട്രയിലും തെലങ്കാനയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഉൾപ്പെടെയുളള 31 നിയോജക മണ്ഡലങ്ങളിലും, മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല.