ന്യൂഡൽഹി ; ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ മതപരമായ വിനോദസഞ്ചാര പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനായി “ശ്രീ രാമായണ യാത്ര” ആരംഭിക്കുന്നു. ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനിൽ ആരംഭിച്ച പദ്ധതിയെ കുറിച്ച് റെയിൽ വേ അധികൃതർ തന്നെയാണ് വ്യക്തമാക്കിയത് .
ഇന്ത്യാ ഗവൺമെന്റ് സംരംഭമായ “ദേഖോ അപ്നാ ദേശ്” സംരംഭം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഐആർസിടിസി ഈ പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ ആരംഭിക്കുന്നത് . നവംബർ 7 ന് ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രമുഖ സ്ഥലങ്ങളിലുമെത്തും . ഈ ട്രെയിൻ മുമ്പ് സ്ലീപ്പർ ക്ലാസിൽ മാത്രമാണ് പ്രവർത്തിച്ചിരുന്നത്, എന്നാൽ ഇപ്പോൾ ആധുനിക സവിശേഷതകളും സൗകര്യങ്ങളും ഉള്ള ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനിലാണ് ആരംഭിക്കുന്നത്.
17 ദിവസത്തിനുള്ളിൽ പര്യടനം പൂർത്തിയാകും. ശ്രീരാമ ജന്മഭൂമി ക്ഷേത്രവും ഹനുമാൻ ക്ഷേത്രവും കൂടാതെ നന്ദിഗ്രാമിലെ ഭാരത് മന്ദിരവും സന്ദർശിക്കും . അയോധ്യയാണ് ആദ്യ സ്റ്റോപ്പ് . അയോധ്യയ്‌ക്ക് ശേഷം, സീതയുടെ ജന്മസ്ഥലമായ ബീഹാറിലെ സീതാമർഹിയിലെത്തും . തുടർന്ന് വാരണാസിയിലെത്തും . അവിടെ സഞ്ചാരികൾക്ക് പ്രയാഗ്, ശൃംഗവേർപൂർ, ചിത്രകൂട് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ സൗകര്യമൊരുക്കും.
ട്രെയിനിന്റെ അടുത്ത സ്റ്റോപ്പ് നാസിക്, ഹംപി, രാമേശ്വരം എന്നിവയാണ് . ഏകദേശം 7500 കിലോമീറ്ററാണ് യാത്രയിൽ ട്രെയിൻ സഞ്ചരിക്കുക .