കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ പന്ത്രണ്ടുകാരന് മെഡിക്കൽ കോളേജിൽ കൃത്യമായ പരിശോധന നടത്തിയില്ലെന്ന് ആരോപണം. ചാത്തമംഗലം പാഴൂര് സ്വദേശിയായ കുട്ടിയ്‌ക്ക് ആശുപത്രി അധികൃതർ സ്രവ പരിശോധനയാണ് നടത്താതിരുന്നത്. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്നാണ് കുട്ടിയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചത്. മൂന്ന് പരിശോധനകൾ നടത്തിയതിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഓഗസ്റ്റ് 31-ന് ഉച്ചയോടെയാണ് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ മൊബൈൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ ഐസിയു കിട്ടാതായതോടെ ബുധനാഴ്ച രാവിലെ 11 മണിക്ക് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരു ദിവസം മെഡിക്കൽ കോളേജിൽ ഉണ്ടായിട്ടും കുട്ടിയുടെ സ്രവ പരിശോധന ഡോക്ടർമാർ നടത്തിയില്ല എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം കുട്ടിയുടെ ആരോഗ്യനില കണക്കിലെടുത്താണ് സാമ്പിൾ ശേഖരിക്കാതിരുന്നതെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ ന്യായീകരണം. ആരോഗ്യം മോശമായ അവസ്ഥയിൽ നട്ടെല്ലിന്റെ ഭാഗത്തുനിന്ന് സ്രവം കുത്തിയെടുക്കുക അപകടകരമായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെടുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുത്താനാണ് ശ്രമിച്ചതെന്നും ആശുപത്രി അധികൃതർ പറയുന്നു. ഇത് സംബന്ധിച്ച വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു. സ്രവ പരിശോധന നടത്തുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി