സുനീഷയുടെ ആത്മഹത്യ: വിജീഷിന്റെ മാതാപിതാക്കേളയും പ്രതി ചേർത്തു

കണ്ണൂർ: പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയിൽ ഭർത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു. വിജീഷിന്റെ അച്ഛൻ പി.രവീന്ദ്രൻ, അമ്മ പൊന്നു എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ വിജീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മർദ്ദനം വ്യക്തമാകുന്ന ശബ്ദസന്ദേശം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പോലീസ് നടപടി.

ഒന്നര വർഷം മുൻപാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വിജീഷും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതിനാൽ ഇരു കുടുംബങ്ങളും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു. മരിക്കുന്നതിന് മുൻപ് വിജീഷും, വീട്ടുകാരും ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് സുനീഷ ബന്ധുക്കളെ അറിയിച്ചിരുന്നു. വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും സുനീഷ കുടുംബത്തെ അറിയിച്ചിരുന്നു. സുനീഷയും വിജീഷും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും, സുനീഷയും സഹോദരനുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയുമാണ് പുറത്ത് വന്നത്. കൂട്ടിക്കൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്നാണ് സഹോദരനോട് പറയുന്നത്.
Tags