ടോക്കിയോ പാരാലിമ്പിക്‌സ് ; ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ടോക്കിയോ പാരാലിമ്പിക്‌സ് മെഡൽ ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചത്. മെഡൽ ജേതാക്കളുടെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു.


 
ടോക്കിയോ പാരാലിമ്പിക്‌സിന് തിരശ്ശീല വീഴുമ്പോൾ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യൻ താരങ്ങൾ രാജ്യത്തിന്റെ അഭിമാനമായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 5 സ്വർണമെഡലുകളുൾപ്പെടെ 19 മെഡലുകളാണ് അവർ നേടിയത്. പരിമിതികൾക്ക് മുന്നിൽ കീഴടങ്ങാതെ, അതിശയകരമായ ഇച്ഛാശക്തിയും കഠിനാദ്ധ്വാനവും കൈമുതലാക്കി ലോകത്തിന്റെ നെറുകയിൽ എത്തിയ എല്ലാ താരങ്ങളേയും ഹാർദ്ദവമായി അഭിനന്ദിക്കുന്നു.

പ്രതിസന്ധികൾ നിറഞ്ഞ കാലത്ത് അവർ നാടിനാകെ പകരുന്ന ഊർജ്ജത്തിനു നന്ദി പറയുന്നു. കൂടുതൽ ഉയരത്തിൽ, കൂടുതൽ വേഗത്തിൽ, കൂടുതൽ കരുത്തോടെ എത്താൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. ഈ നേട്ടങ്ങളിൽ നിന്നും ആവേശമുൾക്കൊണ്ട് നമ്മുടെ നാടിനും മുന്നോട്ടു കുതിക്കാനാകട്ടെയെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.

ദിവസങ്ങൾ നീണ്ടുനിന്ന പാരാലിമ്പിക്‌സിന് ഞായറാഴ്ച വൈകീട്ടോടെയാണ് സമാപനമായത്. അഞ്ച് സ്വർണത്തിന് പുറമേ എട്ട് വെള്ളിയും, ആറ് വെങ്കലവുമാണ് ഇന്ത്യൻ താരങ്ങൾ തേടിയത്.
Tags