രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 40,000 ത്തിൽ താഴെ; രോഗമുക്തി നേടിയവർ 43,903 പേർ; പകുതിയിലധികം രോഗികളും കേരളത്തിൽ നിന്ന്

ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,948 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,30,27,621 ആയി. രാജ്യത്തെ പ്രതിദിന രോഗികളിൽ പകുതിയിലേറെയും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 26,701 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 43,903 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം ഭേദമായത്. 3,21,81,995 പേർ ഇതുവരെ രോഗമുക്തി നേടി. 4,04,874 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

കൊറോണ പ്രതിരോധ വാക്‌സിനേഷനും രാജ്യത്ത് പുരോഗമിക്കുകയാണ്. 68,75,41,762 പേർ ഇതുവരെ പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 219 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 4,40,752 ആയി. കഴിഞ്ഞ ദിവസം 14,10,64 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 53,14,68,867 ആയി.

Tags