യു പി എസ് സി പരീക്ഷ കണക്കിലെടുത്ത് കൊച്ചി മെട്രോ സര്‍വീസ് ഞായറാഴ്ച രാവിലെ 7 മണി മുതല്‍ ആരംഭിക്കും. പത്തുമണി വരെ ഓരോ 15 മിനിറ്റിലും സര്‍വീസ് ഉണ്ടാവും. കൊവിഡിന്റെ രണ്ടാം വ്യാപനത്തിനു ശേഷം മാസങ്ങളായി കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
ജൂലൈ ഒന്നിനാണ് വീണ്ടും സര്‍വീസ് ആരംഭിച്ചത്. രാവിലെ എട്ടു മണി മുതലാണ് നിലവിലെ സര്‍വീസ്. പരീക്ഷ കണക്കിലെടുത്താണ് 7 മണിയിലേക്ക് മാറ്റിയത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സര്‍വീസ് നടത്തുന്നത്.
കൊവിഡ് ഇളവുകള്‍ വരുമ്പോൾ കൂടുതല്‍ ആളുകളെ മെട്രോയിലേക്ക് എത്തിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. സമൂഹ മാധ്യമങ്ങളെ ഇതിനായി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കൊച്ചി മെട്രോ എം ഡി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.
കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെയും കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല. ഇതിനായുള്ള നടപടികള്‍ തുടരുകയാണ്.മെട്രോ സ്റ്റേഷനുകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. ഇങ്ങനെ മെട്രോയെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന് ബഹ്‌റ പറഞ്ഞു.