കൊവിഡ് പ്രതിരോധത്തിന് അയല്‍പക്ക നിരീക്ഷണ സമിതി രൂപീകരിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന് അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേനാ വാളണ്ടിയര്‍മാര്‍, പ്രദേശത്തെ സേവന സന്നദ്ധരായവര്‍, റസിഡൻസ് അസോസിയേഷനുകൾ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അയല്‍പക്ക നിരീക്ഷണ സമിതി, റാപ്പിഡ് റെസ്‌പോണ്‍സ് ടീം, വാര്‍ഡുതല സമിതി, പൊലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവരുടെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കണം. വ്യാപനം കുറയ്ക്കാനുള്ള ഇടപെടല്‍ ഓരോ പ്രദേശത്തും നടത്തണം. പ്രാദേശികമായ കരുതലാണ് ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിരോധ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങൾ സടകുടഞ്ഞ് എഴുനേൽക്കണം. നാളെമുതൽ പ്രാദേശിക തലങ്ങളിൽ മാറ്റം പ്രകടമാകണമെന്നും കൊവിഡ് പ്രതിരോധത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സാമ്പത്തിക പ്രയാസം നേരിട്ടാൽ അത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Tags