അബുദാബിയിലേക്കുള്ള യാത്രാവിലക്ക് മൂലം വീസ കാലാവധി കഴിഞ്ഞ് നാട്ടിൽപെട്ടുപോയ പ്രവാസികൾക്ക് നടൻ കൃഷ്ണകുമാറിന്റെ സഹായഹസ്തം. കോവിഡ് രണ്ടാം തരംഗത്തിൽ അബുദാബിയിൽ നിന്ന് ലീവിന് വന്ന പ്രവാസികളാണ് തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ പ്രതിസന്ധിയിലായത്. നടന്റെ ഫെയ്സ്‌ബുക്ക് പോസ്റ്റിൽ കമന്റായി ഒരു പ്രവാസി വിഷയം അവതരിപ്പിച്ചപ്പോഴാണ് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ ഓഫിസ് മുഖേന പ്രശ്നപരിഹാരത്തിന് വേണ്ടത് ചെയ്യാമെന്ന് കൃഷ്ണകുമാർ ഉറപ്പു നൽകിയത്.
ഇന്ത്യയിൽ കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ യുഎഇ ഗവണ്മെന്റ് ഇന്ത്യാക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതോടെ അബുദാബിയിൽ നിന്ന് ലീവിന് നാട്ടിലെത്തിയ പ്രവാസികൾക്ക് മടങ്ങിപ്പോകാൻ കഴിയാതെയായി. വിലക്ക് മാസങ്ങൾ നീണ്ടപ്പോൾ പലരുടെയും വീസ കാലാവധി കഴിയുകയും ലീവ് കഴിഞ്ഞു ജോലിക്ക് തിരികെ കയറാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു.
ദുബായ് ഗവണ്മെന്റ് വീസ കാലാവധി കഴിഞ്ഞവരുടെ വീസയിൽ ഇളവ് പ്രഖ്യാപിച്ചെങ്കിലും അബുദാബി ഗവണ്മെന്റ് ഇതുവരെ ഇളവൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ പ്രവാസികളുടെ ജോലി അനിശ്‌ചത്വത്തിലാവുകയും പലരുടെയും വിലപിടിപ്പുള്ള ലെഗേജുകൾ ഉൾപ്പെടെ തിരിച്ചെടുക്കാൻ കഴിയാത്ത ദുരവസ്ഥയിലാവുകയും ചെയ്തിരിക്കുകയാണ്. ദീർഘകാലം സേവനമനുഷ്ടിച്ചവരുടെ ആനുകൂല്യങ്ങളും പലർക്കുംകിട്ടാത്ത സാഹചര്യമാണ്. കൃഷ്ണകുമാറിന്റെ ഫെയ്സ്‌ബുക് പോസ്റ്റിലാണ് ഒരു പ്രവാസി ഈ വിവരം കമന്റായി രേഖപ്പെടുത്തിയത്.
അദ്ദേഹം കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും നിമിഷങ്ങൾക്കുള്ളിൽ തന്നെ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് വിവരങ്ങൾ കാണിച്ച് മെയിൽ അയയ്ക്കാനുള്ള സംവിധാനം ഉണ്ടാക്കുകയും ചെയ്തു. ‘നിങ്ങളുടെ ആവശ്യം ബഹുമാനപെട്ട കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ഓഫിസിൽ അറിയിച്ചു. അവർ ഈ വിഷയത്തിൽ ഇടപെടാനും സഹായിക്കാനും തയ്യാറാണ്. ഇനി പറയുന്ന മെയിൽ ഐഡിയിലേക്ക് കൃത്യമായ പ്രശ്നം ചൂണ്ടികാണിച്ചു എത്രയും പെട്ടെന്ന് ഒരു മെയിൽ അയക്കുക. vmdelhioffice@gmail.com മെയിൽ അയച്ച ശേഷം എനിക്കൊരു മറുപടി തരുക' എന്നാണ് അദ്ദേഹം മറുപടി നൽകിയത്. വീസ കാലാവധി കഴിഞ്ഞവരുടെ ധർമ്മസങ്കടം അബുദാബി ഗവണ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്താം എന്ന് അദ്ദേഹം ഉറപ്പു നൽകി.
ഇതുപോലെ ധാരാളം സഹായാഭ്യർഥനകൾ തന്റെ മുന്നിൽ എത്താറുണ്ടെന്ന് കൃഷ്ണകുമാർ മനോരമ ഓൺലൈനിനോട് പറഞ്ഞു. ബഹ്റൈനിൽ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞു പ്രതിസന്ധിയിലായ ഒരു പ്രവാസിക്ക് അദ്ദേഹത്തിന്റെ ഇടപെടലിൽ സഹായം ലഭ്യമായിരുന്നു. ഖത്തറിൽ തൊഴിൽ കാർഡിന്റെ കാലാവധി കഴിഞ്ഞു ജോലിയിൽ തുടർന്ന ഗർഭിണിയായ സ്ത്രീയെ കാണാതായ വിവരം ബന്ധുക്കൾ കൃഷ്ണകുമാറിന്റെ ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹം സഹായിക്കുകയും ചെയ്തിരുന്നു.
മന്ത്രിയുടെ സഹായത്താൽ പന്ത്രണ്ടു മണിക്കൂറിനുള്ളിൽ തന്നെ ആ സ്ത്രീയെ ഡീപോർട്ടേഷൻ സെന്ററിൽ നിന്നും കണ്ടെത്തി ബന്ധുക്കളുടെ അടുത്തെത്തിക്കാനുള്ള സഹായം ലഭ്യമാക്കി. കോവിഡ് പ്രതിസന്ധിമൂലം തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത പ്രവാസികൾ കാര്യകാരണ സഹിതം മേൽപ്പറഞ്ഞ മെയിൽ ഐഡിയിലേക്ക് മെയിൽ അയയ്ക്കുകയാണെങ്കിൽ മന്ത്രിയുടെ ഓഫിസിൽ നിന്നും വേണ്ട നടപടി ഉണ്ടാകുമെന്നും കൃഷ്ണകുമാർ പറഞ്ഞു. പാസ്പോർട്ട് കാലാവധി തീർന്നവർക്കും ഈ മെയിൽ ഐഡിയുമായി ബന്ധപ്പെട്ടാൽ ഉടനടി സഹായം ലഭ്യമാക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.