കാബൂൾ : അഫ്ഗാനിസ്താൻ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്ത് ശരിയത്ത് നിയമങ്ങൾ ഏർപ്പെടുത്തുകയാണ് താലിബാൻ ഭീകരർ. സ്ത്രീകൾ ഹിജാബ് ധരിക്കണമെന്നും ഒറ്റയ്‌ക്ക് പുറത്തിറങ്ങരുത് എന്നുമുള്ള തീവ്ര ഇസ്ലാമിക നിയമങ്ങൾ പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ഭീകര സംഘടന രംഗത്തെത്തിയിരിക്കുന്നത്. ശരിയത്ത് നിയമപ്രകാരം മോഷണം നടത്തിയാൽ മോഷ്ടാവിന്റെ കൈവെട്ടുമെന്ന് താലിബാൻ പറഞ്ഞു. കാബൂളിലെ മുസ്ലീം പള്ളിയിൽ നിന്നാണ് വേറിട്ട പ്രഖ്യാപനമുണ്ടായത്.
യുഎസ് സൈനിക പിന്മാറ്റത്തിന് പിന്നാലെയാണ് താലിബാൻ ഭീകരർ അഫ്ഗാനിസ്താൻ പിടിച്ചെടുത്തത്. വെടിവെപ്പും ഭീകരാക്രമണവും നടത്തി ആയിരക്കണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിക്കൊണ്ട് രാജ്യം കയ്യടക്കുകയായിരുന്നു. നേതാക്കൾ രാജ്യത്ത് നിന്നും പലായനം ചെയ്തതും താലിബാന് നേട്ടമായി.
രാജ്യത്തെ ജനങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് പറഞ്ഞാണ് താലിബാൻ അധികാരത്തിലേറിയതെങ്കിലും തികച്ചും വിപരീതമായ പ്രവൃത്തികളാണ് അഫ്ഗാനിൽ നടക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്നവരെ കൊലപ്പെടുത്തുകയും കുട്ടികളെ തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്ന ഭീകരർ പെൺകുഞ്ഞുങ്ങളെ ലൈംഗിക അടിമകളാക്കി വെയ്‌ക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പ്രതിഷേധിക്കുന്നവരുടെ തലയറുക്കാനും ഇവർ മടിക്കുന്നില്ല.