തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നടത്തുന്നതിൽ കോടതി ഉത്തരവ് അനുസരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോടതിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. കേസ് വീണ്ടും പരിഗണണിക്കുന്ന 13 ന് ശേഷം പരീക്ഷാ നടത്തിപ്പിൽ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വൺ പരീക്ഷ ഓഫ്ലൈനായി നടത്തുന്നത് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയിരുന്നു. കേരളത്തിലെ കൊറോണ വ്യാപനം ഭീതിജനകമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. എന്ത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാ നടത്തിപ്പ് തീരുമാനിച്ചതെന്ന് കോടതി ചോദിച്ചു. പരീക്ഷ നടത്തിയാൽ കുട്ടികൾ രോഗബാധിതർ ആകില്ലെന്ന് സർക്കാരിന് ഉറപ്പ് നൽകാനാകുമോ എന്നും കോടതി സർക്കാരിനോട് ആരാഞ്ഞു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി നിർദ്ദേശമനുസരിച്ച് നീങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
രാജ്യത്തെ മൊത്തം കൊറോണ കേസുകളിൽ പകുതിയിലധികം കേരളത്തിൽ നിന്നാണെന്നും സംസ്ഥാനത്ത് ടിപിആർ നിരക്ക് 15 ശതമാനത്തിൽ കൂടുതലാണെന്നും ചൂണ്ടിക്കാട്ടി റസൂൽ ഷാ എന്ന അഭിഭാഷകനാണ് പ്ലസ് വൺ പരീക്ഷയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പ്ലസ് വൺ വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിച്ചവരല്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് മോഡൽ പരീക്ഷ ഓൺലൈൻ ആയാണ് നടത്തിയതെന്നും രണ്ടാമത് ഒരു പരീക്ഷ ആവശ്യമില്ലെന്നുമായിരുന്നു റസൂൽ ഷായുടെ ഹർജി.