മുട്ടിൽ മരംമുറിക്കൽ കേസിലെ പ്രതികൾക്ക് മാതാവിന്റെ ഓർമചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകി. പൊലീസ് സുരക്ഷയിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിങ്കളാഴ്ച വീട്ടിൽ സന്ദർശനം നടത്താമെന്ന് കോടതി നിർദേശം. ബത്തേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ഓർമചടങ്ങിൽ പങ്കെടുക്കാനുള്ള അനുമതി നൽകിയത്.
അതേസമയം, മൗത്തിൽ മരംമുറി കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങൾക്ക് തോന്നുകയാണെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ അവസരമുണ്ടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനുള്ള മാർഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
പട്ടയഭൂമികളിലെ മരംമുറി കേസുകളുടെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മരംമുറി കേസുമായി ബന്ധപ്പെട്ട് കേസ് ഡയറി അടക്കമുള്ള രേഖകൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചിരുന്നു. മരം മുറിച്ച് കടത്തിയ സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ കേസുകളിൽ സമഗ്ര അന്വേഷണം നടക്കുന്നതിനാൽ കാലതാമസം വരുമെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ആണ് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചത്.