‘ഹരിത’ പിരിച്ചുവിട്ടു; നേതൃത്വത്തിന്റെത് കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ്

എം എസ് എഫ് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിടാൻ മുസ്ലിം ലീഗ് തീരുമാനം. ഹരിത നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരും. കലഹരണപ്പെട്ട കമ്മിറ്റിയാണ് ഇപ്പോൾ നിലവിലുള്ളത്.

കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പിഎംഎ സലാം അറിയിച്ചു.

പല തവണ സംസ്ഥാന നേതൃത്വതം ആവശ്യപ്പെട്ടിട്ടും വനിത കമ്മിഷന് നൽകിയ പരാതി പിൻവലിക്കാൻ ഹരിത തയ്യാറായില്ല. പത്ത് പേരടങ്ങുകുന്ന ഹരിത നേതാക്കൾക്കെതിരെയാണ് നടപടി. അച്ചടക്ക ലംഘനം എന്നുള്ളത് കൊണ്ട് മുസ്ലിം ലീഗ് പറയുന്നത് പാർട്ടി ഫോറത്തിൽ പറയേണ്ട കാര്യങ്ങൾ പൊതു സമൂഹത്തിൽ അവതരിപ്പിച്ചു അത് വനിതാ കമ്മീഷനിൽ പരാതിയായി നൽകി എന്നുള്ളതാണ്.

പരാതി ഉണ്ടെങ്കിൽ ലീഗ് നേതൃത്വത്തിന് ഔദ്യോഗികമായി നൽകേണ്ട ഒന്നാണ്. എന്നാൽ ആ പ്രവണത ഹരിത നേതാക്കൾ നടത്തിയില്ല. അതുപോലെ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രചാരണം നടത്തി. എം എസ് എഫ് നേതാക്കൾക്ക് എതിരെ രംഗത്തെത്തി ഇതൊക്കെയാണ് നടപടിക്ക് കാരണമെന്ന് മുസ്ലിം ലീഗ് നേതൃത്വവും പറയുന്നത്. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ പരാതി കൊടുത്ത പെണ്‍കുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണ്. താനടക്കം കടന്നുപോവുന്നത് കടുത്ത മാനസിക വിഷമത്തിലൂടെയാണെന്നും ഫാത്തിമ തഹ്‌ലിയ വെളിപ്പെടുത്തിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് വളരെ ശക്തമായ നടപടിയുമായി ലീഗ് മുന്നോട്ട് പോയത്.

പി കെ നവാസ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ഹരിത നേതാക്കളുടെ ആവശ്യം ലീഗ് നേതൃത്വം അംഗീകരിച്ചില്ല. നടപടി നവാസിന്‍റെ ഖേദപ്രകടനത്തില്‍ ഒതുങ്ങി.പാര്‍ട്ടിയാണ് പ്രധാനമെന്നും വിവാദങ്ങള്‍ ഇതോടെ അവസാനിക്കട്ടെയെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ നവാസ് പറഞ്ഞു. എന്നാല്‍ ഈ വിശദീകരണത്തില്‍ ഹരിത നേതാക്കള്‍ തൃപ്തരായില്ല. പ്രശ്നം പരിഹരിച്ചെന്ന് ലീഗ് നേതൃത്വം അറിയിച്ചെങ്കിലും ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിച്ചില്ല. പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്.
Tags