കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം രാഷ്‌ട്രീയ പ്രേരിതമാണ്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
പ്രതികൾ അനധികൃതമായി വായ്പകൾ പാസാക്കി നൽകിയിട്ടുണ്ട്. ഇത് തെളിയിക്കുന്ന നിരവധി വ്യാജ രേഖകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും സർക്കാർ കോടതിയിൽ അറിയിച്ചു. നൂറ് കോടിയിലധികം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.
സിപിഎമ്മിന് നിയന്ത്രണമുള്ള ബാങ്കിനെതിരായ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് ബാങ്കിലെ മുൻ ജീവനക്കാരൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സ്ഥാപിത താൽപര്യത്തോടെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും സർക്കാർ വാദിച്ചു.