ഭബാനിപൂർ: ഉപതെരഞ്ഞെടുപ്പിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജനവിധി തേടുന്ന ഭബാനിപൂരിൽ സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചു. എഐസിസിയാണ് തീരുമാനമെടുത്തത്. പാർട്ടിയുടെ ബംഗാൾ അദ്ധ്യക്ഷൻ കൂടിയായ ആധിർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കോൺഗ്രസിന്റെ തീരുമാനത്തോടെ ഇടതുപാർട്ടികൾ വെട്ടിലായിരിക്കുകയാണ്.
കോൺഗ്രസ് പിൻമാറിയതോടെ സ്വന്തം നിലയ്‌ക്ക് സ്ഥാനാർത്ഥിയെ നിർത്താനാണ് ഇടതുപക്ഷത്തിന്റെ ആലോചന. സ്ഥാനാർത്ഥിയുടെ പേരുകൾ ഉൾപ്പെടെ നിശ്ചയിച്ചുവെയ്‌ക്കാനാണ് സംസ്ഥാന നേതാക്കൾ ജില്ലാ നേതൃത്വത്തോട് നിർദ്ദേശിച്ചിട്ടുളളത്.
ഈ മാസം 30 നാണ് ഭബാനിപൂർ ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിൽ ഉപതെരഞ്ഞൈടുപ്പ് നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപക്ഷവും ഒരുമിച്ചായിരുന്നു മത്സരിച്ചത്. ഇക്കുറി കോൺഗ്രസ് പിൻമാറുന്നതോടെ ആശയക്കുഴപ്പത്തിലായിരിക്കുന്നത് ഇടതുപക്ഷമാണ്. സിപിഎം ജില്ലാ ഘടകം മത്സരിക്കാനുളള മൂന്ന് സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കി കൈമാറിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് നടക്കുന്ന സാംസേർഗഞ്ചിലും ജാംഗിപൂരിലും സ്ഥാനാർത്ഥിയെ നിർത്താൻ ഇടതുപാർട്ടികൾ തീരുമാനമെടുത്തുകഴിഞ്ഞു. ഭബാനിപൂരിൽ മാത്രമാണ് അന്തിമതീരുമാനം കൈക്കൊളളാനുളളത്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ സഹായം ഉറപ്പിക്കുന്നതിനുളള തന്ത്രത്തിന്റെ ഭാഗമാണ് ഭബാനിപൂരിൽ നിന്ന് സ്ഥാനാർത്ഥിയെ പിൻവലിക്കാനുളള കോൺഗ്രസ് തീരുമാനം. കോൺഗ്രസിന്റെ അവസരവാദ രാഷ്‌ട്രീയ നിലപാടാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും വിമർശനം ഉയർന്നുകഴിഞ്ഞു.