ദില്ലി: ലോക് ജനശക്തി പാർട്ടി ലോക്സഭാ എം.പിയും ചിരാഗ് പാസ്വാന്‍റെ ബന്ധുവുമായ പ്രിൻസ് രാജ് പാസ്വാനെതിരെ ബലാത്സംഗത്തിന് കേസ് എടുത്ത് ദില്ലി പൊലീസ്. പ്രിൻസ് രാജ് പാസ്വാൻ തന്നെ ബലാത്സംഗം ചെയ്തുവെന്ന് കോന്നൗട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ മൂന്നുമാസം മുമ്പ് പെൺകുട്ടി നൽകിയ പരാതിയിന്മേലാണ് നടപടി. പരാതി നൽകിയിട്ടും പൊലീസ് കേസ് എടുക്കാത്തതിനെ തുടർന്ന് പെൺകുട്ടി കോടതിയെ സമീപിച്ചിരുന്നു.
കോടതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ ഒമ്പതിന് പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പെൺകുട്ടി പരാതിയിൽ ഉന്നയിക്കുന്നത്. വിഷയം ചിരാഗ് പാസ്വാനെ അറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും ആരോപണമുയർന്നിരുന്നു.
എന്നാൽ പെൺകുട്ടിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾക്ക് താൻ നേരത്തെ പരാതി നൽകിയിട്ടുണ്ടെന്നാണ് പ്രിൻസ് പാസ്വാന്റെ പ്രതികരണം. പെൺകുട്ടി തനിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നേരത്തെ നടത്തിയിരുന്നുവെന്നും ഇതിന് പെൺകുട്ടിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പ്രിൻസ് പ്രതികരിച്ചു.