ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കി സർക്കാർ ഉത്തരവ്; കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: സർക്കാർ ഓഫീസുകള്‍ക്ക് ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കി സർക്കാർ ഉത്തരവിറക്കി. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് സർക്കാർ ഓഫീസുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. ഇപ്പോൾ വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ശനിയാഴ്ച വീണ്ടും പ്രവൃത്തി ദിവസമാക്കാൻ തീരുമാനിച്ചത്.

വരുന്ന ശനിയാഴ്ച മുതൽ ഉത്തരവ് ബാധകമായിരിക്കും. മുഴുവൻ ഉദ്യോഗസ്ഥരും ശനിയാഴ്ചകളിൽ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ചേരുന്ന അവലോകന യോഗത്തിലാവും അന്തിമ തീരുമാനം.

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടേബിളുകൾ തമ്മിലുള്ള അകലം കൂട്ടിയാകും അനുമതി. ബാറുകൾ തുറക്കുന്നകാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. കൊവിഡ് വ്യാപനം കുറയുകയും വാക്സിനേഷൻ വളരെ വേഗം മുന്നോട്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്നത്.
Tags