‘പുകഞ്ഞ കൊള്ളി പുറത്ത്’; കെ പി അനിൽ കുമാർ കോൺഗ്രസ് വിട്ടതിൽ പ്രതികരിച്ച് കെ മുരളീധരൻ

കെ പി അനിൽ കുമാർ കോൺഗ്രസ് വിട്ടതിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കെ പി അനിൽ കുമാറിന്റെ രാജി വാട്ടർ ടാങ്ക് നിറയുമ്പോൾ ജലം പുറത്ത് പോകുന്നത് പോലെ കണ്ടാൽ മതിയെന്ന് കെ മുരളീധരൻ പറഞ്ഞു. പുറത്താക്കിയതിന് ശേഷം നടത്തുന്ന ജല്പനകൾക്ക് ചെവി കൊടുക്കേണ്ടതില്ലെന്നും സി പി ഐ എം ഇപ്പോൾ വേസ്റ്റുകളെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും കെ മുരളീധരൻ ആരോപിച്ചു.

അൽപ സമയം മുൻപാണ് കോൺ​ഗ്രസിൽ നിന്ന് അനിൽ കുമാർ രാജി പ്രഖ്യാപിച്ചത്. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു തീരുമാനം. 43 വർഷത്തെ കോൺഗ്രസ് ബന്ധം വിട്ടതായി അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സോണിയ ഗാന്ധിക്കും കെ സുധാകരനും അനില്‍കുമാര്‍ രാജിക്കത്ത് നല്‍കി.

പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും ഇത്തവണ കൊയിലാണ്ടി സീറ്റ് നൽകാത്തത് ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നും അനിൽകുമാർ ആരോപിച്ചു. ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ലെന്നും കെപിസിസി നിർവാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ലെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.

അതേസമയം, ഗുരുതരമായ അച്ചടക്ക ലംഘനമാണ് അനിൽ കുമാർ നടത്തിയതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അദ്ദേഹം നൽകിയ വിശദീകരണം തികച്ചും നിരുത്തരവാദപരമായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. കെ.പി അനിൽ കുമാറിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. അതിൽ പുനരാലോചന ഇല്ലെന്നും സുധാകരൻ പറഞ്ഞു. കെ പി അനിൽ കുമാറിന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനം കിട്ടാത്തതിൽ നിരാശബോധമുണ്ടെന്നും പ്രസിഡന്റ് ആക്കണം എന്ന് അനിൽ ആവശ്യപ്പെട്ടിരുന്നുവെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
Tags