തൃശൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാ നേതാവ് കൊടി സുനിയെ ജയിലിൽ കൊല്ലാൻ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലിനെ തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ചും ജയിൽ വകുപ്പും അന്വേഷണം തുടങ്ങി. കൊടി സുനിയും സഹ തടവുകാരനും ജയിൽ സൂപ്രണ്ടിനും ഐജിയ്‌ക്കും നൽകിയ പരാതി പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.
വിയ്യൂർ സെൻട്രൽ ജയിലിൽ തന്നെ കൊലപ്പെടുത്താൻ 2 സഹ തടവുകാർക്ക് 5 കോടി രൂപയുടെ ക്വട്ടേഷൻ കൊടുത്തെന്നായിരുന്നു കൊടി സുനിയുടെ വെളിപ്പെടുത്തൽ. അയ്യന്തോൾ ഫ്‌ലാറ്റ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് റഷീദും തീവ്രവാദ കേസ് പ്രതി അനൂപുമാണ് കൊലപാതകത്തിന് ക്വട്ടേഷൻ ഏറ്റെടുത്തത്.
സൂപ്രണ്ടിന്റെ മുറിയിലെ ചുമതലയിലുണ്ടായിരുന്ന റഷീദ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിൽ നിന്നും പല തവണ വിളിച്ചതായി കണ്ടെത്തിയുണ്ട്. സ്വർണ്ണക്കടത്ത് സംഘമാണ് ക്വട്ടേഷന് പിന്നിലെന്നാണ് സംശയം. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കൊടി സുനി ഇടപെട്ടതിന്റെ ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. ഇതാണ് ക്വട്ടേഷന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്ന സംശയത്തിന്റെ അടിസ്ഥാനം.