അമേരിക്കയിൽ മൃഗങ്ങൾക്ക് കൊറോണ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഗവേഷകർ

വാഷിംഗ്ടൺ: കൊറോണ വ്യാപനം മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലേയ്‌ക്കും പടരുന്നു. അമേരിക്കയിലെ അറ്റ്‌ലാന്റ മൃഗശാലയിലെ ഗൊറില്ലകൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളായ ചുമയും, ജലദോഷവും, വിശപ്പിലായ്മയും കണ്ടെത്തിയതിനെ തുടർന്നാണ് ഗൊറില്ലകളെ പരിശോധനയ്‌ക്ക് വിധേയരാക്കിയത്. ആകെയുള്ള 20 ഗൊറില്ലകളിൽ 13 എണ്ണത്തിനും രോഗം സ്ഥിരീകരിച്ചു.

കുടുതൽ ഗൊറില്ലകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും ജോർജിയ സർവകലാശാലയിലെ ഡയഗ്നോസ്റ്റിക് ലാബിലേയ്‌ക്ക് അയക്കുകയും ചെയ്തതായി മൃഗശാല അധികൃതർ അറിയിച്ചു. ജീവനക്കാരിൽ നിന്നാണ് വൈറസ് ഗൊറില്ലകളിലേയ്‌ക്ക് പടരുന്നത് എന്നാണ് ഗവേഷകർ പറയുന്നത്.

രോഗം സ്ഥിരീകരിച്ച ഗൊറില്ലകളെ ക്വാറന്റീനിലാക്കി. അവയ്‌ക്ക് വേണ്ട ചികിത്സ നൽകുന്നുണ്ട്. ഉടൻ തന്നെ ഗൊറില്ലകൾ പൂർണ്ണ ആരോഗ്യം കൈവരിക്കുവെന്നും അധികൃതർ വ്യക്തമാക്കി.

മറ്റ് മൃഗങ്ങളിലേക്ക് രോഗം പകർന്നിട്ടുണ്ടോയെന്ന പരിശോധനയിലാണ് അധികൃതർ. നായ്‌ക്കൾ, പൂച്ചകൾ, സിംഹങ്ങൾ, കടുവകൾ തുടങ്ങിയ മൃഗങ്ങൾക്ക് ഇതിനു മുൻപ് രോഗം സ്ഥിരീകിച്ചിട്ടുണ്ട്. മനുഷ്യരുമായി സമ്പർക്കം പുലർത്തിയ ശേഷമാണ് ഇവയ്‌ക്ക് രോഗം പിടിപ്പെട്ടത്.
Tags