കരിപ്പൂർ വിമാനാപകടത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. വിമാനാപകടം ഉണ്ടായത് പൈലറ്റിന്റെ പിഴവ് മൂലമെന്ന് വ്യോമയാന മന്ത്രാലയം. എയർ ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചു.
വിമാനം ലാൻഡ് ചെയ്തത് ചട്ടങ്ങൾ പാലിക്കാതെയെന്ന് റിപ്പോർട്ട്. സാങ്കേതിക പിഴവും സംഭവിച്ചിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനം ലാൻഡ് ചെയ്തത് റൺവേയുടെ പകുതി കഴിഞ്ഞതിന് ശേഷം. ഗോ എറൗണ്ട് ചട്ടം പാലിച്ചില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
കരിപ്പൂർ വിമാന ദുരന്തം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് ലഭിച്ചെന്നും ഉടൻ പരസ്യപ്പെടുത്തുമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റിപ്പോർട്ടിലെ ശുപാർശകൾ കാലതാമസമില്ലാതെ നടപ്പാക്കുമെന്നും സിന്ധ്യ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
2020 ആഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തിൽപ്പെട്ടത്. കൊവിഡ് രൂക്ഷമായ രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ഒരു പറ്റം മനുഷ്യരെയുമായെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർഇന്ത്യ എക്സ്പ്രസിൻ്റെ ദുബായ് – കോഴിക്കോട് വിമാനം റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ
ഇടിച്ചാണ് അപകടമുണ്ടായത്. വിമാനം ലാൻഡിംഗ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോർച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിൻ്റെ രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചിരുന്നു. 21 പേർ മരിച്ച ദുരന്തത്തിൽ 96 പേർക്കായിരുന്നു സാരമായി പരിക്കേറ്റത്. 73 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.