കണ്ണൂർ : ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പിതൃസഹോദരനെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പിലാണ് സംഭവം. കുട്ടിയുടെ അമ്മ നൽകി പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർതൃസഹോദരനെതിരെ പോക്‌സോ കേസ് ചുമത്തി പോലീസ് കേസെടുത്തത്.
രണ്ട് മാസം മുൻപാണ് കുട്ടി ആദ്യമായി പീഡനത്തിന് ഇരയാകുന്നത്. തുടർന്ന് കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതോടെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയിൽ നിന്ന് ചോദിച്ചറിഞ്ഞ് വ്യക്തമായതോടെയാണ് അമ്മ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.
മഞ്ചേശ്വരത്തുള്ള ഭർത്താവിന്റെ വീട്ടിൽവെച്ച് ഭർതൃസഹോദരൻ മകളെ പലതവണ പീഡിപ്പിച്ചെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു. പീഡനം നടന്നത് മഞ്ചേശ്വരത്തായതിനാൽ കേസ് മഞ്ചേശ്വരം പോലീസിന് കൈമാറി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.