ആനി രാജയുടെ നിലപാടിനെ പിന്തുണച്ച ജനറല്‍ സെക്രട്ടറി ഡി.രാജയുടെ നിലപാടിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ പറഞ്ഞത് ദേശീയ എക്സിക്യുട്ടീവിന്റെ അഭിപ്രായമല്ല. ആരായാലും മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണമെന്നും ജനറല്‍ സെക്രട്ടറി വിമര്‍ശിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങളില്‍ ഡി.രാജയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ സ്ഥിരീകരിക്കുകയാണ് കാനം രാജേന്ദ്രന്‍. രാജ പറഞ്ഞത് ദേശീയ എക്സിക്യുട്ടീവിന്റെ അഭിപ്രായമല്ലെന്നു പറഞ്ഞ കാനം ദേശീയ എക്സിക്യുട്ടീവിലുള്ളവര്‍ സംസ്ഥാനത്തെക്കുറിച്ച് പറയുമ്പോള്‍ സംസ്ഥാനഘടകവുമായി കൂടിയലോചിക്കണമെന്നും പറഞ്ഞു. ആരായാലും പാര്‍ട്ടിയുടെ മാനദണ്ഡം ലംഘിക്കപ്പെടാന്‍ പാടില്ലെന്നും കാനം വ്യക്തമാക്കി.
അതിനിടെ ജനയുഗം ഗുരനിന്ദ കാട്ടിയിട്ടില്ലെന്നും ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്റെ പ്രസ്താവന അസ്ഥാനത്തും അനാവശ്യവുമാണെന്നും കാനം പറഞ്ഞു. ശിവരാമനെ താക്കീത് ചെയ്യാനും തീരുമാനിച്ചു.