ഒറ്റ ക്ലിക്കിൽ ഇനി യാത്രക്കാർക്ക് അറിയേണ്ട സ്ഥലങ്ങളുടെ വിവരങ്ങൾ ലഭിക്കും; കേരള ടൂറിസം ആപ്പ് പുറത്തിറക്കി മോഹൻലാൽ

തിരുവനന്തപുരം : ടൂറിസം വകുപ്പ് പുതുതായി നിർമ്മിച്ച കേരള ടൂറിസം മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്ത് സിനിമാ താരം മോഹൻലാൽ. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലേയും പ്രകൃതിരമണീയമായ സ്ഥലങ്ങൾ, ചരിത്രപസിദ്ധമായ സ്ഥലങ്ങൾ, പ്രത്യേകതകൾ നിറഞ്ഞ കാര്യങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആപ്ലിക്കേഷനാണ് ടൂറിസം വകുപ്പ് പുറത്തിറക്കിയത്. കോവളം റാവീസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്തു.

ഓരോ പഞ്ചായത്തിലേയും ആളുകൾക്ക് അവരവരുടെ പ്രദേശത്തുള്ള വിവരങ്ങൾ ഈ ആപ്പിലൂടെ പങ്കുവെക്കാൻ സാധിക്കും. പ്രകൃതി രമണീയമായതും ചരിത്രപ്രധാനമായതുമായ സ്ഥലങ്ങളും ഇതുവരെ കണ്ടെത്താത്ത സ്ഥലങ്ങളും ആപ്പിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
യാത്രികന് വേണ്ട എല്ലാവിധ സൗകര്യങ്ങളും വിരൽതുമ്പിൽ ലഭിക്കുന്നതാണ് കേരള ടൂറിസത്തിന്റെ പുതിയ ആപ്പെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

ഗോഡ്‌സ് ഓൺ കൺട്രി എന്നറിയപ്പെടുന്ന കേരളത്തിൽ ഇനിയും കണ്ടെത്തപ്പെടേണ്ട ഒരുപാട് ഇടങ്ങളുണ്ട്. അവ കണ്ടെത്താൻ സഹായിക്കുന്ന ആപ്പ് ലോഞ്ച് ചെയ്യാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതിക്ക് താരം എല്ലാവിധ ആശംസകളും നൽകി.
Tags