കൊൽക്കത്ത : ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് പാമ്പ് വിഷം പിടികൂടി. പശ്ചിമ ബംഗാളിലെ ദക്ഷിൻ ദിനാജ്പൂരിലാണ് സംഭവം. 57 കോടി രൂപ വിലമതിക്കുന്ന പാമ്പ് വിഷമാണ് സുരക്ഷാ സേന പിടികൂടിയത്.
പ്രത്യേക മിന്നൽ പരിശോധനയുടെ ഭാഗമായി ഡോങ്കി ഗ്രാമത്തിൽ നടത്തിയ തെരച്ചിലിലാണ് ഇത് പിടിച്ചെടുത്തത്. ചാക്കിലാക്കി മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിലാണ് വിഷം ലഭിച്ചത്. മൂന്ന് ക്രിസ്റ്റൽ ജാറുകളിലായി പൊടി, ക്രിസ്റ്റൽ , ദ്രാവകം രൂപത്തിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. 12 എൽബിഎസ് 56 ഔൺസ് ഭാരം വരുന്ന വിഷത്തിന് അന്താരാഷ്‌ട്ര വിപണിയിൽ 57 കോടി രൂപ വരുമെന്നാണ് വിലയിരുത്തൽ.
ഫ്രാൻസിൽ നിർമ്മിച്ച ജാറുകളായതിനാൽ ഇത് വിദേശ രാജ്യത്ത് നിന്ന് കടത്തി ബംഗ്ലാദേശിലെത്തിച്ചതാവാം എന്ന് ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നശേഷം അത് ചൈനയിൽ എത്തിക്കാനുള്ള നീക്കങ്ങൾ നടന്നിട്ടുണ്ടാകും എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.