ആംബുലന്‍സില്‍ കിടന്ന് 12ാംതരം തുല്യതാ പരീക്ഷയെഴുതിയ ലക്ഷ്മി ലാലിനു മിന്നും ജയം

ചേര്‍ത്തല:  ആംബുലന്‍സില്‍ കിടന്ന് 12ാംതരം തുല്യതാ പരീക്ഷയെഴുതിയ ലക്ഷ്മി ലാലിനു തിളങ്ങുന്ന വിജയം. ഹ്യുമാനിറ്റീസില്‍ രണ്ട് എ ഗ്രേഡടക്കം നേടിയാണ് ഉപരിപഠനത്തിനു യോഗ്യതനേടിയത്. ശരീരം പൂര്‍ണമായി തളര്‍ന്ന ലക്ഷ്മി ലാല്‍ ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരീഷാ ഹാളിനു പുറത്ത് ആംബുലന്‍സിലെ സ്ട്രെച്ചറില്‍ കിടന്നായിരുന്നു സഹായിയോടൊപ്പം പരീക്ഷയെഴുതിയത്.

2006ല്‍ ഒമ്പതാംക്ലാസില്‍ എസ്ഡിവി സെന്‍ട്രല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ സൈക്കിളില്‍ പോകവെയുണ്ടായ അപകടത്തിലാണ് ലക്ഷ്മിയുടെ പഠനം മുടങ്ങിയത്. തലക്കു പരിക്കേറ്റു തളര്‍ന്നു കിടപ്പായെങ്കിലും അതിനെയെല്ലാം തുല്യതാ പഠനത്തിലൂടെ മറികടക്കുകയായിരുന്നു. കടക്കരപ്പള്ളി വാഴത്തറ ലാലന്റെയും അജിതയുടെയും മകളാണ് 27 കാരിയായ ലക്ഷ്മിലാല്‍. കിടപ്പില്‍ നിന്നെഴുന്നേല്‍ക്കാനായിട്ടില്ലെങ്കിലും കൂട്ട് പാഠപുസ്തകങ്ങള്‍ തന്നെ. പത്താംതരത്തില്‍ നാല് എപ്ലസ് നേടിയാണ് വിജയിച്ചത്.

ലക്ഷ്മിയെ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു. ഡിഗ്രി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലാണ് ലക്ഷ്മി. തുല്യതാ ക്ലാസുകളില്‍ പോകാനാകാത്തതിനാല്‍ അധ്യാപകരുടെ സഹായത്താലും അമ്മ അജിതയുടെ ശിക്ഷണത്തിലുമാണ് പഠനം. ഇപ്പോഴും ഫിസിയോ തൊറാപ്പി ചികിത്സ നടക്കുകയാണ്.
Tags