ചണ്ഡീഗഡ്: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ദയവായി പഞ്ചാബിൽ നിന്ന് മാറ്റണമെന്ന അഭ്യർത്ഥനയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഒരു വർഷത്തോളമായി നടക്കുന്ന പ്രതിഷേധങ്ങൾ പഞ്ചാബ് സമ്പദ് വ്യവസ്ഥ തന്നെ താളം തെറ്റിച്ച സാഹചര്യത്തിലാണ് അമരീന്ദർ സിംഗിന്റെ പ്രതികരണം. സമരം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് സമരക്കാർക്ക് എതിരെ പഞ്ചാബ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഇതുവരെ സമരത്തിന് പൂർണ പിന്തുണ നൽകിയ ആൾ കൂടിയാണ് അമരീന്ദർ സിംഗ് എന്നതും ശ്രദ്ധേയം.
കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ പ്രതിഷേധം ഡൽഹിയിലേക്ക് മാറ്റുക. പഞ്ചാബിനെ വെറുതെ ശല്യം ചെയ്യരുത്. ഹരിയാണയിലും ഡല്‍ഹിയിലും നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം, പക്ഷെ പഞ്ചാബില്‍ എന്തിനാണ് നിങ്ങള്‍ നഷ്ടം വരുത്തുന്നത്. പ്രതിഷേധങ്ങൾ ഞങ്ങളുടെ വികസനത്തെ ബാധിക്കുന്നു. കർഷകരുടെ ആവശ്യപ്രകാരം പഞ്ചാബ് സർക്കാർ കരിമ്പിന്റെ വില വർധിപ്പിച്ചിട്ടുണ്ടെന്നും അമരീന്ദർ സിംഗ് പറഞ്ഞു. ഹോഷിയാർപൂർ ജില്ലയിലെ മുഖിലാനയിലെ ഗവണ്‍മെന്റ് കോളേജിന്റെ ശിലാസ്ഥാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് അമരീന്ദറിന്റെ ഇപ്പോഴത്തെ നിലപാട് മാറ്റം എന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം കര്‍ഷക സമരത്തെ ബാധിക്കുമെന്നും അതിനാല്‍ രാഷ്‌ട്രീയ നേതാക്കള്‍ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.