കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ കമ്മുസ്ലീമിസ്റ്റുകളായി രൂപാന്തരപ്പെട്ടു; വാരിയന്‍കുന്നനും കതിരൂരുമായി എന്തു ബന്ധം: വത്സൻ തില്ലങ്കേരി

കണ്ണൂർ: കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ കമ്മുസ്ലീമിസ്റ്റുകളായി രൂപാന്തരപ്പെട്ടുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരി. കണ്ണൂർ കതിരൂർ പഞ്ചായത്തിലെ പ്രാദേശിക റോഡിന് വാരിയൻ കുന്നന്റെ പേര് നൽകിയ കതിരൂർ പഞ്ചായത്ത് അധികൃതരുടെ നീക്കത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കതിരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1921 ലെ മാപ്പിള കലാപത്തിന് നേതൃത്വം നൽകിയ കലാപകാരിയായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര സേനാനിയാക്കി മഹത്വവല്ക്കരിക്കുന്നത് ചരിത്രത്തോടും ദേശത്തോടും തലമുറകളോടും കലാപത്തിനിരയായവരോടും കാട്ടുന്ന നീതികേടും യഥാർത്ഥ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതുമാണ്. വാരിയന്‍കുന്നനും കതിരൂരുമായിട്ടുള്ള ബന്ധമെന്താണെന്ന് പഞ്ചായത്ത് അധികൃതര്‍ നാട്ടുകാരോട് വെളിപ്പെടുത്തണം. ചരിത്രമേറെ ഉറങ്ങിക്കിടക്കുന്ന കതിരൂരില്‍ എത്ര സ്വാതന്ത്ര്യസമരസേനാനികളുടെ പേരിലാണ് റോഡുകളുള്ളത്.

1921ല്‍ ഹിന്ദു കൂട്ടക്കുരുതി നടത്താന്‍ നേതൃത്വം നല്‍കിയ വാരിയന്‍ കുന്നന് സ്വാതന്ത്ര്യസമരസേനാനി പരിവേഷം ചാര്‍ത്തിയതുതന്നെ സംഘടിത വോട്ട് ലക്ഷ്യം വെച്ചാണ്. മുസ്ലിം ലീഗിനേക്കാളും ജമാഅത്തെ ഇസ്ലാമിയെക്കാളും പോപ്പുലര്‍ ഫ്രണ്ടിനേക്കാളും മുസ്ലീം സമുദായത്തെ പ്രീണിപ്പിക്കുന്നതിന് വേണ്ടി എന്ത് നെറികേടും കാട്ടിക്കൂട്ടുന്നപാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. കമ്മ്യൂണിസ്റ്റാണോ മുസ്ലീമിസ്റ്റാണോയെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വത്സൻ വേറ്റുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ എസ് എസ് കണ്ണൂർ വിഭാഗ് സഹകാര്യവാഹ് വി.ശശിധരൻ ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ്‌ പ്രദീപ് ശ്രീലകം, ജനറൽ സെക്രട്ടറി പി.വി.ശ്യാം മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
Tags