നർകോട്ടിക് ജിഹാദ് പരാമർശം: സർക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് പാലാ രൂപത

പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയെ സംബന്ധിച്ച് സർക്കാർ ചർച്ചയ്ക്ക് വന്നാൽ സഹകരിക്കുമെന്ന് പാലാ രൂപത. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന സദുദ്ദേശത്തോടെയാണെന്നും, അതിന് മറ്റുള്ളവർ തെറ്റായ വ്യാഖ്യാനങ്ങൾ നൽകുന്നു. ഒരു മതത്തെയും ദ്രോഹിക്കാൻ ആയിരുന്നില്ല ബിഷപ്പിന്റെ പരാമർശം. അതിനാൽ ഈ വിഷയത്തെ തുടർന്നുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം, ലൗ ജിഹാദ്–നർകോട്ടിക് ജിഹാദ് വിവാദ വിഷയത്തിൽ പ്രക്ഷോഭത്തിനൊരുങ്ങിയിരിക്കുകയാണ് ബി.ജെ.പി. പ്രശ്നത്തിന്റെ ഗൗരവം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാർട്ടിയുടെ തീരുമാനം. ബി.ജെ.പി.യുടെ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും സഭാ നേതാക്കളെ സന്ദർശിക്കും. ജിഹാദ് വിഷയത്തിൽ വിപുലമായ പ്രചാരണം നടത്താൻ ന്യൂനപക്ഷ മോർച്ചയ്ക്ക് നിർദേശം നൽകി.



ഇതിനിടെ, നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത രംഗത്ത്. പാലാ ബിഷപ്പ് പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആശങ്കയെന്ന് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. സാമൂഹിക തിന്മകൾക്ക് നേരെ സഭയ്ക്ക് മൗനം പാലിക്കാൻ ആകില്ല. പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ച് പോകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ക്രിസ്ത്യാനികളുടെ ആശങ്ക പരിഹരിക്കണമെന്നും ചങ്ങനാശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടു. കുടുംബ ബന്ധങ്ങൾ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Tags