ത്രിപുരയിലെ പാർട്ടി പ്രവർത്തകരെ സഹായിക്കാൻ കേരളത്തിൽ ധനസമാഹരണവുമായി സിപിഎം; കൊറോണക്കാലത്തും വിടാതെ പണപ്പിരിവ്

തിരുവനന്തപുരം: ത്രിപുരയിലെ സിപിഐഎം പ്രവർത്തകർക്കും ഓഫീസിനും നേരെ വലിയ രീതിയിലെ ആക്രമണമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ വീടുകൾ നശിപ്പിച്ചുവെന്ന് വിജയരാഘവൻ പറഞ്ഞു. ഇതിനെതിരെ കേരളത്തിലെ സിപിഎം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ഈ മാസം 25ന് 35,000 കേന്ദ്രങ്ങളിൽ ത്രിപുരയെ സഹായിക്കുന്നതിന് വേണ്ടിയുള്ള ധനസമാഹരണം നടത്തുമെന്ന് വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയിൽ ദുരുദ്ദേശ്യമുള്ളതായി കരുതുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു. ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ ഉണ്ടായി. ചില വ്യക്തികളോ ഏതെങ്കിലും ഗ്രൂപ്പുകളോ നടത്തുന്ന തെറ്റായ പ്രവർത്തനത്തിന്റെ ഉത്തരവാദിത്വം ഒരു മതത്തിന് നേരെ അടിച്ചേൽപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹരിത വിഷയത്തിൽ മുസ്ലീം ലീഗിനെതിരേയും വിജയരാഘവൻ വിമർശനം ഉന്നയിച്ചു. ലീഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഹരിത വിഷയത്തിൽ ലീഗ് സ്വീകരിച്ച നിലപാട് പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് അവരുടെ സ്ത്രീ വിരുദ്ധ നിലപാട് ആണെന്നും വിജയരാഘവൻ വ്യക്തമാക്കി.
Tags