പത്തുവർഷം മുറിയിൽ ഒളിപ്പിച്ച സംഭവം; സജിതയും റഹ്മാനും എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ വിവാഹിതരായി

പാലക്കാട്: നെന്മാറയിലെ റഹ്മാനും സജിതയും വിവാഹിതരായി. ഇന്ന് രാവിലെ പത്ത് മണിക്ക് നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. നെന്മാറ എംഎൽഎ കെ. ബാബുവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. വിവാഹത്തിന് സജിതയുടെ വീട്ടുകാർ എത്തിയിരുന്നു. റഹ്മാന്റെ വീട്ടുകാർ ചടങ്ങിൽ നിന്നും വിട്ട് നിന്നു. കുടുംബാംഗങ്ങൾ പങ്കെടുക്കാത്തതിൽ വിഷമമുണ്ടെന്ന് വിവാഹത്തിന് ശേഷം റഹ്മാൻ പ്രതികരിച്ചു.

പ്രണയിച്ച പെൺകുട്ടിയെ ആരും കാണാതെ യുവാവ് 10 വർഷം ഒറ്റമുറിയിൽ പാർപ്പിച്ച സംഭവം വലിയ ചർച്ചയായിരുന്നു. നെന്മാറ സ്വദേശിയായ റഹ്മാനാണ് വീട്ടുകാരും നാട്ടുകാരും അറിയാതെ പെൺകുട്ടിയെ വീട്ടിൽ ഒളിപ്പിച്ചത്. കാണാതായ റഹ്മാനെ വഴിയിൽവെച്ച് ബന്ധുക്കൾ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ ചുരുൾ അഴിയുന്നത്.

പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ സജിതയെ റഹ്മാൻ അനുവദിച്ചില്ലെന്നും, ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ വനിതാ കമ്മീഷനും സംഭവത്തിൽ ഇടപെട്ടു. തേനും പാലും നൽകിയാലും ബന്ധനം ബന്ധനം തന്നെ എന്നാണ് വനിതാ കമ്മീഷൻ പറഞ്ഞത്. റഹ്മാനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

വീട്ടുകാരുടേയും സമൂഹത്തിന്റേയും എതിർപ്പ് ഉണ്ടാകുമെന്ന ഭയം കൊണ്ടായിരുന്നു വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ചതെന്നായിരുന്നു ഇരുവരും വനിതാ കമ്മീഷനോട് പറഞ്ഞത്. സംഭവത്തിൽ നിരവധി പേർ ഇവരെ അനുകൂലിച്ചും എതിർത്തും രംഗത്തെത്തിയിരുന്നു. എന്നാൽ യുവാവും യുവതിയും പറയുന്നത് വിശ്വസനീയമാണെന്നായിരുന്നു പോലീസ് നിലപാട്.
Tags