പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതും ലക്നൗവില്‍ ചേരുന്ന യോഗം ചർച്ച ചെയ്യും. എന്നാല്‍ സംസ്ഥാനങ്ങള്‍ വലിയ പ്രതിഷേധം ഉയര്‍ത്തുന്ന ഇക്കാര്യത്തില്‍ കൗണ്‍സിലില്‍ ഇന്ന് തീരുമാനമുണ്ടായേക്കില്ല
ദില്ലി: കൊവിഡ് മരുന്നുകള്‍ക്കുള്ള ഇളവ് ജിഎസ്ടി കൗണ്‍സില്‍ ഡിസംബര്‍ 31 വരെ നീട്ടി. 11 കൊവിഡ് മരുന്നുകള്‍ക്കുള്ള ഇളവാണ് നീട്ടിയത്. കൂടുതല്‍ മരുന്നുകള്‍ക്കും യോഗം ഇളവ് നല്‍കിയിട്ടുണ്ട്. പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതും ലക്നൗവില്‍ ചേരുന്ന യോഗം ചർച്ച ചെയ്യും. എന്നാല്‍ സംസ്ഥാനങ്ങള്‍ വലിയ പ്രതിഷേധം ഉയര്‍ത്തുന്ന ഇക്കാര്യത്തില്‍ കൗണ്‍സിലില്‍ ഇന്ന് തീരുമാനമുണ്ടായേക്കില്ല.
പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സംസ്ഥാനങ്ങളിലുള്ള പ്രതിഷേധം ശക്തിപ്പെടുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കൊപ്പം വിഷയത്തില്‍ പ്രതിഷേധവുമായി ഉത്തർപ്രദേശും കൗണ്‍സില്‍ ചേരുന്നതിന് മുന്‍പ് രംഗത്തെത്തി.
പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്ടത്തിന് കാരണമാകുമെന്ന് യുപി ധനമന്ത്രി സുരേഷ് ഖന്ന പറഞ്ഞു. ജനതാല്‍പ്പര്യത്തിന് വിരുദ്ധമായി നടപടിയായിരിക്കും ഇതെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്നത്തെ യോഗത്തില്‍ വിഷയം ചർച്ച ചെയ്യുമ്പോള്‍ സംസ്ഥാനങ്ങള്‍ നിലപാട് വ്യക്തമാക്കും. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ കേന്ദ്രം അനുകൂലമാണെങ്കിലും പ്രതിഷേധം അവഗണിച്ച് ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ല. എന്ത് തീരുമാനമെടുക്കണമെങ്കിലും നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണ വേണമെന്നതാണ് ചട്ടം.
വെളിച്ചെണ്ണയുടെ ജിഎസ്ടി നികുതി ഉയർത്തുന്നതും ഇന്നത്തെ യോഗത്തിന്‍റെ അജണ്ടയിലുണ്ട്. നിലവില്‍ അഞ്ച് ശതമാനമുള്ള നികുതി 18 ആയി ഉയർത്താനാണ് നീക്കം . ഇക്കാര്യത്തില്‍ ശക്തമായി എതിര്‍പ്പ് ഉയർത്തുമെന്ന് കേരളം വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് ജിഎസ്ടി ഏർപ്പെടുത്താനുള്ള ശുപാർശയും കൗണ്‍സിലില്‍ ചർച്ച ചെയ്തേക്കും. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് 2022 ന് ശേഷവും തുടരണമെന്ന ആവശ്യവും കൗണ്‍സില്‍ പരിഗണിക്കും.